എക്‌സിറ്റ് പോള്‍ ഫലം തള്ളി ബിജെപി; ഫെബ്രുവരി 11ന് വലിയ അത്ഭുതം സംഭവിക്കും?

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബിജെപി രംഗത്ത്. എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നപ്പോള്‍ ഭരണകക്ഷിയായ ആം ആദ്മിക്ക് വമ്പിച്ച ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പ്രവചനം.

അതേസമയം ബിജെപിക്ക് ഭൂരിപക്ഷം കുറയുമെന്ന് പ്രവചിച്ചതിനെ തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എംപിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തെന്ന് സ്ഥിരീകരിച്ച ശേഷം അഭിപ്രായ വോട്ട് അന്തിമമല്ലെന്ന പ്രഖ്യാപനവുമായി ബിജെപി വക്താവ് മീനാക്ഷി ലേഖി രംഗത്തെത്തിയരുന്നു.

‘നിങ്ങളുടെ തീരുമാനം അറിയാം ഫെബ്രുവരി പതിനൊന്നിന് വരുന്നത് ഞെട്ടിക്കുന്ന ഫലമാകുമെന്ന് ഉറപ്പുണ്ട്’ എന്ന് വോട്ടെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരോട് പറഞ്ഞ അമിത്ഷാ രാവിലെ പത്തരക്ക് മുമ്പ് തന്നെ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

എക്‌സിറ്റ് പോളുകള്‍ എല്ലാം പരാജയമാണെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരിയും അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 47 സീറ്റ് ലഭിക്കുമെന്ന തീവാരിയുടെ ട്വീറ്റ് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുകയാണ്.

Top