ആലുവ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളെല്ലാം മത്സരത്തിനുണ്ടാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നേതാക്കള്‍ മല്‍സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന.
ഇതനുസരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ അധ്യക്ഷന്‍മാരായ വി. മുരളീധരന്‍ കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ. സുരേന്ദ്രന്‍ കാസര്‍കോട്ടോ മഞ്ചേശ്വരത്തോ മത്സരിച്ചേക്കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകദേശ ധാരണയായത്. അന്തിമ ധാരണയുണ്ടാക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 15 അംഗ സമിതിയെ നിയോഗിക്കും.
അതേസമയം, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.