ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ നേടിയതിന്റെ പകുതി വോട്ട് പോലും നേടാന്‍ കഴിയുമോയെന്ന് കണ്ടറിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ താമര വിരിയുമെന്ന പ്രതീക്ഷ തകര്‍ന്നതാണ് കര്‍ണ്ണാടകയിലെ വിധിയെഴുത്ത്. കേവല ഭൂരിപക്ഷം നേടാതെ 104 സീറ്റില്‍ ഇവിടെ അവര്‍ ഇടിച്ചു നിന്നു. രാവിലെ കോണ്‍ഗ്രസ്സുകാരായി വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ വൈകിട്ട് വീട്ടില്‍ എത്തുമ്പോള്‍ ബി.ജെ.പിയാകുന്നുവെന്ന എ.കെ. ആന്റണിയുടെ കുറ്റസമ്മതം കര്‍ണ്ണടകയില്‍ ശരിയായി. ഇപ്പോള്‍ അത് ചെങ്ങന്നൂരിലും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഏത് ഉപതെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുപ്രകാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും പ്രാമുഖ്യമുണ്ട്. നിയമസഭാംഗമായിരുന്ന സിപിഐ എം നേതാവ് കെ കെ രാമചന്ദ്രന്‍നായരുടെ അകാല വേര്‍പാട് കാരണമാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടിവന്നത്. സംസ്ഥാനത്തെ ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തായിരുന്നു. അത് 1958ലാണ്. അന്ന് ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ നിലനില്‍പ്പും ദേവികുളം ജനവിധിയും ബന്ധിതമായിരുന്നു. ഒരു സീറ്റിന്റെ നഷ്ടംപോലും ഭൂരിപക്ഷത്തെ ബാധിക്കുന്ന സ്ഥിതിയായിരുന്നു. ഇന്ന് അപ്രകാരമൊരു അവസ്ഥയില്ല. എന്നാല്‍, അന്നത്തെപ്പോലെ ഇന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന പ്രബുദ്ധത വോട്ടര്‍മാര്‍ പ്രകടപ്പിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും അനന്തര സംഭവവികാസങ്ങളും ചെങ്ങന്നൂരില്‍ സ്വാഭാവികമായി പ്രചാരണവിഷയമായിട്ടുണ്ട്. വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഉച്ചവരെ ബിജെപിക്കാരുടെ ആഹ്ലാദപ്രകടനങ്ങള്‍ ഇവിടെയുമുണ്ടായിരുന്നു. വൈകിട്ട് ‘വിക്ടറി റാലി’ സംഘടിപ്പിക്കാനും പരിപാടിയുണ്ടായിരുന്നു.
പക്ഷേ, ഡല്‍ഹിയിലും കര്‍ണാടകത്തിലും നട്ടുച്ചയ്ക്ക് ആഘോഷങ്ങള്‍ക്ക് ‘കട്ട്’ പറഞ്ഞപ്പോള്‍ അത് ചെങ്ങന്നൂരിലും ബാധകമായി. അമിത്ഷായുടെ പത്രസമ്മേളനംപോലും, ബിജെപി പിന്നോക്കം പോയതിനെത്തുടര്‍ന്ന് റദ്ദുചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ താമരവിരിയുമെന്ന പ്രതീക്ഷ തകരുന്നതായി കര്‍ണാടക ഫലം.
കേവലഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപിക്ക് അതിലെത്താന്‍ കഴിയാതെ 104 സീറ്റില്‍ ഇടിച്ചുനിന്നു. 78 സീറ്റിലെത്തിയ കോണ്‍ഗ്രസും 37 സീറ്റ് നേടിയ ജെഡിഎസും ചേര്‍ന്നാല്‍ 115ന്റെ ഭൂരിപക്ഷമായി. ഈ സഖ്യത്തിനെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കുകയാണ് ഭരണഘടനയോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ടത്.
സഭയിലെ വലിയ കക്ഷിയെന്നതിന്റെ മറവില്‍ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കുകയും കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷമുറപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന ഏറ്റവും ഹീനമായ ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രസര്‍ക്കാരും അതിന്റെ ചട്ടുകമായ ഗവര്‍ണറും സ്വീകരിച്ചിരിക്കുന്നത്. ഇപ്രകാരം ജനാധിപത്യത്തെ അവമതിക്കുന്ന ബിജെപിക്കെതിരായ ജനാധിപത്യ ശബ്ദം ചെങ്ങന്നൂരില്‍ ഉയരും.
കര്‍ണാടകത്തില്‍ തൂക്കുസഭ ഉണ്ടാകുമെന്ന് പോള്‍ സര്‍വേ പ്രവചിച്ചെങ്കിലും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു അനുമാനം. അത് പാളി. 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 78 സീറ്റില്‍ ഒതുങ്ങിയത് എന്തുകൊണ്ടാണ് ? മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ട് സീറ്റിലൊന്നായ ചാമുണ്ഡേശ്വരിയില്‍ 36,042 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥി ജെ ടി ദേവഗൗഡയാണ് ജയിച്ചത്.
ബദാമിയില്‍ ജയിച്ചതാകട്ടെ 1696 വോട്ടിനും. ബിജെപിയുടെ തീവ്രഹിന്ദുത്വനയത്തെ മതനിരപേക്ഷതയുടെ നിലപാട് തറയില്‍നിന്നുകൊണ്ട് നേരിടാന്‍ സിദ്ധരാമയ്യക്കും രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. നോട്ട് നിരോധനം, ഇന്ധനവില വര്‍ധന, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, സംഘപരിവാറിന്റെ വര്‍ഗീയഭ്രാന്തന്‍ നടപടികള്‍, ദളിത് ആക്രമണം, ഗൗരിലങ്കേഷ്‌കലബുര്‍ഗി കൊലപാതകങ്ങള്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യം കാട്ടിയില്ല. പകരം മൃദുഹിന്ദുത്വംകൊണ്ടാണ് നേരിട്ടത്.
അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ പിടിച്ചുകെട്ടുന്നതായിരുന്നില്ല. മോഡിയെ നേരിടാനിറങ്ങിയ രാഹുല്‍ ഗാന്ധി എല്ലാ ദിവസവും രാവിലെ അമ്പലങ്ങളില്‍ കയറിയതിനുശേഷമാണ് പര്യടനം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ കൈലാസത്തില്‍ പോകുമെന്നും രാഹുല്‍ പറഞ്ഞു. മൃദുഹിന്ദുത്വ അജന്‍ഡയില്‍ ഊന്നി ബിജെപി ആര്‍എസ്എസ് തീവ്രഹിന്ദുത്വത്തെ തളയ്ക്കാമെന്ന നയം വീണ്ടും പിഴച്ചു. ഇതാണ് കര്‍ണാടക ജനവിധി നല്‍കുന്ന സന്ദേശം.
മതന്യൂനപക്ഷമായ ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കി അവരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലും പിഴച്ചു. ലിംഗായത്തുകാര്‍ തുണച്ചതുമില്ല, ദളിത് പിന്നോക്കവിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുകയും ചെയ്തു. അത് ഈ ഭരണനടപടികൊണ്ടുമാത്രമല്ല, അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണംതന്നെ കോര്‍പറേറ്റുകള്‍ക്കും ഉദാരവല്‍ക്കരണശക്തികള്‍ക്കുംവേണ്ടി തീറെഴുതിയതിന്റെ ഫലമായിരുന്നു. ഇതുവഴി ജനങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് അകന്നു.
ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യംകൂടാതെ പൊരുതിയ ജെഡി എസ് 37 സീറ്റ് നേടിയത് ശുഭസൂചനയാണ്. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും ബിജെപിയുടെ വര്‍ഗീയനടപടികളെയും വിട്ടുവീഴ്ചകൂടാതെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകാരെ ഹിന്ദുവിരുദ്ധരും ദേശവിരുദ്ധരുമായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് പരിശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ദുര്‍നയങ്ങളെ തുറന്നുകാട്ടുന്ന കമ്യൂണിസ്റ്റുകാരെ ബിജെപിയെ സഹായിക്കുന്നവരെന്ന വക്രീകരണമാണ് കോണ്‍ഗ്രസുകാര്‍ നടത്തുന്നത്.
ഇതില്‍ രണ്ടിലും ചൂളാതെ നാടിന്റെ ഭാവിക്കും നാട്ടുകാരുടെ ക്ഷേമത്തിനും ഉപകാരപ്രദമായ നയങ്ങളുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. രാവിലെ കോണ്‍ഗ്രസുകാരായി വീട്ടില്‍നിന്നിറങ്ങുന്നവര്‍, വൈകിട്ട് വീട്ടിലെത്തുമ്പോള്‍ ബിജെപിയായി മാറുന്നുവെന്ന കുറ്റസമ്മതം കുറച്ചുനാളുകള്‍ക്കുമുമ്പ് എ കെ ആന്റണി നടത്തിയിരുന്നു. ത്രിപുരയിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപി ആകുന്നതിനുമുമ്പായിരുന്നു ആന്റണി ഇത് പറഞ്ഞത്. ഇപ്പോള്‍ കര്‍ണാടകത്തില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരെങ്കിലും ബിജെപിയുടെ ചാക്കില്‍ കയറിയിരിക്കുന്നുവെന്നാണ് സൂചന.
ആന്റണിയുടെ മുന്നറിയിപ്പ് നേരായിരിക്കുന്നു.
കര്‍ണാടകത്തില്‍ പയറ്റിയ നയംതന്നെയാണ് കോണ്‍ഗ്രസ് ചെങ്ങന്നൂരിലും ഉപയോഗിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ. ശ്രീധരന്‍ പിള്ളയെ രംഗത്തിറക്കിയത് ആര്‍എസ്എസാണ്.
ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ട ഉപായം മൃദുഹിന്ദുത്വത്തിന്റേതാണ്. അവരുടെ സ്ഥാനാര്‍ഥിത്വംതന്നെ അത് വ്യക്തമാക്കുന്നു. സംഘപരിവാറിനെയും ഹിന്ദുത്വശക്തികളെയും പ്രീതിപ്പെടുത്താന്‍ പാകത്തില്‍ ഹിന്ദുത്വ സംഘടനയുടെ ഭാരവാഹിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.
നേരത്തെ ഇതേ മണ്ഡലത്തില്‍നിന്ന് ജയിച്ച പി സി വിഷ്ണുനാഥിനെ ഒഴിവാക്കി. മുന്‍ എംഎല്‍എ എം മുരളിയുടെ പേര് പ്രഖ്യാപിച്ചശേഷം വേണ്ടെന്നുവച്ചതും ഹിന്ദുത്വശക്തികളുമായി കോണ്‍ഗ്രസ് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ്.
എന്നാല്‍, മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള രാഷ്ട്രീയനിലപാടാണ് സ്ഥാനാര്‍ഥിത്വത്തിലും എല്‍ഡിഎഫ് സ്വീകരിച്ചത്. അതു പ്രകാരമാണ് സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ സ്ഥാനാര്‍ഥിയായത്. നാടിന്റെ വികസനത്തിനും ജനാധിപത്യ സംരക്ഷണത്തിനും സമാധാന ജീവിതത്തിനും എല്‍ഡിഎഫ് വിജയിക്കണം.
അത് കേരള രാഷ്ട്രീയത്തിന്റെ പുരോഗമനപരമായ ദിശയെ ശക്തിപ്പെടുത്താന്‍ ആവശ്യമാണ്. രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളെയും അഴിമതിരഹിത ഭരണത്തെയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണ നടപടികളെയും വികസനത്തെയും ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തയ്യാറാകും.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മുന്‍കാലത്ത് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് എല്‍ഡിഎഫ് നേടി. ത്രിപുരയ്ക്കു പിന്നാലെ കേരളം പിടിക്കുമെന്നും അതിനുള്ള സന്ദേശമാകും ചെങ്ങന്നൂര്‍ നല്‍കാന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42,000 വോട്ട് ശ്രീധരന്‍പിള്ള ഇവിടെനിന്ന് നേടി. ഇക്കുറി അതിന്റെ പകുതി വോട്ട് കിട്ടുമോയെന്ന് കണ്ടറിയാം.
ബിജെപി ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ കൂട്ടുകെട്ടിന്റെ സ്ഥാനാര്‍ഥിയായിരുന്നു അന്ന് ശ്രീധരന്‍പിള്ള. പക്ഷേ, ഇപ്പോള്‍ ബിഡിജെഎസ് പാതിപിണക്കത്തിലും എസ്എന്‍ഡിപി യോഗനേതൃത്വം പരസ്യമായി അതൃപ്തിയിലുമാണ്. മോഡി ഭരണത്തോടുള്ള അസംതൃപ്തി വളര്‍ന്നിട്ടുമുണ്ട്. അതെല്ലാം വോട്ടില്‍ പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് അല്ല ഇപ്പോഴത്തേത്. കെ എം മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം, എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന ജെഡിയു എന്നീ കക്ഷികള്‍ ഇല്ലാത്ത യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ് മത്സരരംഗത്തുള്ളത്. ആ ശക്തിക്കുറവ് യുഡിഎഫിനെ സ്വാഭാവികമായി ദോഷകരമായി ബാധിക്കും.
സോളാര്‍ അഴിമതിക്കേസിലെ പ്രതി പേരുകാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അവര്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റുവെന്നാണ് മാധ്യമ വാര്‍ത്ത. ഇതിനിടെ ഇവര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് വന്ന ഉത്തരവ് ഉമ്മന്‍ചാണ്ടിയാദികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന ചിത്രീകരണവുമുണ്ടായിട്ടുണ്ട്.
കമീഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നും, അത് കോടതി റദ്ദാക്കുമെന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷയാണ് ഹൈക്കോടതി വിധിയോടെ പൊലിഞ്ഞിരിക്കുന്നത്. സരിതാ നായരുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയത് ഒഴികെയുള്ള എല്ലാ കേസും അന്വേഷിച്ച് നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. സോളാര്‍ കേസില്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്ന ഉമ്മന്‍ചാണ്ടിയാദികള്‍ ചെങ്ങന്നൂരില്‍ പ്രചാരണം നടത്തുന്നതുകൊണ്ട് യുഡിഎഫിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും