ബംഗളൂരു: ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എച്ച്.ഡി കുമാരസ്വാമി. യെദ്യൂരപ്പ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് ജെഡിഎസ് എംഎല്‍എമാര്‍ നിര്‍ദേശിച്ചതായ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇത്തരം അഭ്യൂഹങ്ങളില്‍ വീഴരുതെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി വ്യക്തമാക്കി.
മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി.ടി ദേവഗൗഡയാണ് ബിജെപിയെ പിന്തുണയ്ക്കാമെന്ന് എംഎല്‍എമാര്‍ നിര്‍ദേശിച്ചതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ബംഗളൂരുവില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് നിര്‍ദേശം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഭാവി നടപടികളെക്കുറിച്ചാണ് എംഎല്‍എമാര്‍ ചര്‍ച്ച ചെയ്തത്. പ്രതിപക്ഷത്ത് ഇരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചില എംഎല്‍എമാര്‍ ബിജെപിയെ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാന്‍ യോഗം കുമാരസ്വാമിയെ ചുമതലപ്പെടുത്തിയെന്നും ജി.ടി ദേവഗൗഡ പറഞ്ഞിരുന്നു.