ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു വലിയ ഒരു പ്രത്യേകതയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണ മുകേഷും ഗണേഷ് കുമാറും ജഗദീഷും ഭീമന്‍ രഘുവുമെല്ലാം മത്സരിച്ചെങ്കിലും സഭയിലെത്തിയിരുന്നത് ഇടതു സ്ഥാനാര്‍ത്ഥികളായ മുകേഷും ഗണേഷുകുമാറും മാത്രമാണ്. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. താരങ്ങളുടെ പിന്നാലെ ആദ്യം തന്നെ കൂടിയിരിക്കുന്നത് കോണ്‍ഗ്രസ്സാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകളാണ് ആദ്യം അവര്‍ പുറത്തു വിട്ടിരുന്നത്. തൊട്ടുപിന്നാലെ, സംഘപരിവാര്‍ അനുകൂലിയായ സംവിധായകന്‍ മേജര്‍ രവിക്കും കോണ്‍ഗ്രസ്സ് നേതൃത്വം ‘കൈ’ കൊടുക്കുകയുണ്ടായി. ഇതിനു ശേഷം, നടന്‍മാരായ രമേഷ് പിഷാരടിയും ഇടവേള ബാബുവും ഹരിപ്പാട്ടെ യു.ഡി.എഫ് വേദിയിലെത്തുകയും ചെയ്തു.
കൂടുതല്‍ താരങ്ങള്‍ ഇനിയും കോണ്‍ഗ്രസ്സിലെത്തുമെന്നാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇപ്പോള്‍ അവകാശപ്പെട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ ചെന്നിത്തലയുടെ ജാഥയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതും ധര്‍മജന്‍ തന്നെയാണ്. മലയാള സിനിമയില്‍ കൂടുതലും വലതുപക്ഷ ചിന്താഗതിക്കാരാണെന്ന് തട്ടി വിടാനും ഈ ഹാസ്യതാരം പരസ്യമായി തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവന്‍ കലാകാരന്‍മാരും ഇടതുപക്ഷ അനുഭാവികളല്ലന്നതാണ് ധര്‍മ്മജന്റെ വാദം. വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങളെല്ലാം ധര്‍മ്മജന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ‘തിരക്കഥയാണ് ‘ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.
ഇത്തവണ, താരങ്ങളെ മുന്‍ നിര്‍ത്തി പ്രചരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. മത്സരിക്കാത്ത താരങ്ങളെ സംസ്ഥാനത്തുടനീളം പ്രചരണത്തിനിറക്കാനും അവര്‍ക്കു പദ്ധതിയുണ്ട്. നടന്‍ ജഗദീഷ്, സലിം കുമാര്‍, സിദ്ധിഖ് എന്നിവരെ രംഗത്തിറക്കാനും കോണ്‍ഗ്രസ്സ് ശ്രമിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ നയം മുന്‍പ് തന്നെ വ്യക്തമാക്കിയ താരങ്ങളാണിവര്‍. യുവനിരയിലെ ചില സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിടുന്നത് യുവ തുര്‍ക്കികളാണ്. ഉന്നത കോണ്‍ഗ്രസ്സ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ശ്രമം. എന്നാല്‍ ‘ഇമേജ്’ തകരുമെന്ന് ഭയന്ന് ഇവരാരും തന്നെ ഇതുവരെ പിടികൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പാതയില്‍ തന്നെയാണ് ബി.ജെ.പിയും നിലവില്‍ നീങ്ങികൊണ്ടിരിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന് പിന്നാലെ സിനിമാരംഗത്തു നിന്നുള്‍പ്പെടെ കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം. മത്സരിക്കാന്‍ വിമുഖത കാണിച്ചാല്‍ ഉണ്ണി മുകുന്ദനെ പ്രചരണത്തിനിറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തു വന്ന താരമാണ് അനുശ്രീ. ഇത് വ്യക്തി ബന്ധം കൊണ്ടു മാത്രമാണെന്നാണ് പരിവാര്‍ നേതാക്കളും വ്യക്തമാക്കുന്നത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉള്‍പ്പടെയുളളവ ചൂണ്ടിക്കാട്ടിയാണ് ഈ പ്രതികരണം. ‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി നിഷാ സാരംഗുമായുളള ബി.ജെ.പിയുടെ ചര്‍ച്ചകളും ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. നടി മല്ലികാ സുകുമാരനാണ് ബി.ജെ.പി നോട്ടമിടുന്ന മറ്റൊരു താരം. നടന്‍ പ്രിഥ്യുരാജിന്റെ അമ്മയാണെന്നതു കൂടി പരിഗണിച്ചാണ് ഈ കരുനീക്കം.
പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമുള്ള ഉറപ്പ് മല്ലിക നല്‍കിയതായാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. ഇതിനെല്ലാം പുറമെ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഏതെങ്കിലും താരത്തിന്റെ പ്രചരണത്തിനായി നടന്‍ മോഹന്‍ലാലിനെ ഇറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. കെ.ബി ഗണേഷ് കുമാറിനു വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ പ്രചരണ യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ഇതു പിന്നീട്, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചിരുന്നത്. ഗണേഷ് കുമാറിനു വേണ്ടി വോട്ടു ചോദിക്കാമെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ താരങ്ങള്‍ക്കു വേണ്ടിയും മോഹന്‍ലാലിനു വോട്ടു ചോദിക്കാമെന്നതാണ് പരിവാറിന്റെ നിലപാട്. ഇതിനായി, കേന്ദ്ര നേതൃത്വത്തെ കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
സിനിമാ താരങ്ങള്‍ക്കു പുറമെ പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം പി.ടി ഉഷയെ രംഗത്തിറക്കാനും ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കെ.സുരേന്ദ്രന്‍ തന്നെയാണ് ഈ നീക്കത്തിനും ചുക്കാന്‍ പിടിക്കുന്നത്. ബി.ജെ.പിയുടെ വിജയയാത്രയില്‍ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയില്‍ ചേരുക. കര്‍ഷകസമര വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റര്‍ ക്യാമ്പയിനിലും പി.ടി ഉഷ സജീവമായി പങ്കെടുത്തിരുന്നു. ഉഷയുടെ ബി.ജെ.പി അനുഭാവം മലയാളികള്‍ തിരിച്ചറിഞ്ഞതും ഈ സംഭവത്തോടെയാണ്. സെലിബ്രിറ്റികളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്നത് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിലപാടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. കേരളത്തില്‍ ഈ മാതൃക പിന്തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതും മോദിയും അമിത് ഷായും തന്നെയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമന്‍ രഘു, രാജസേനന്‍ തുടങ്ങിയവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിരുന്നത്. ഇവര്‍ മത്സരിക്കുകയും ചെയ്തു. ഇത്തവണ ‘ഇമ്മണി’ വലിയ താരങ്ങളെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. പൊതുസമ്മതരെ രംഗത്തിറക്കി കേരളത്തില്‍ സ്വാധീനമുറപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ കര്‍മ്മപദ്ധതി. എ പ്ലസ് മണ്ഡലങ്ങളില്‍ പൊതുസമ്മതരെ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടിയുടെ സജീവ പരിഗണനയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം സിറ്റിംഗ് സീറ്റ് ആയ നേമത്ത് ബി.ജെ.പിയ്ക്ക് ഭൂരിപക്ഷമുണ്ട്. അതുകൂടാതെ, മഞ്ചേശ്വരം ഉള്‍പ്പെടെ പത്തു സീറ്റുകളിലാണ് ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ തന്നെ പതിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെയാകെ ഇളക്കി മറിച്ചുള്ള പ്രചരണ പരിപാടിയാണ് യു.ഡി.എഫും ബി.ജെ.പിയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു കൊഴുപ്പേകാനാണ് താരങ്ങളെയും കളത്തിലിറക്കുന്നത്.
എന്നാല്‍, ഇടതുപക്ഷം വ്യത്യസ്തമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അവര്‍ പ്രാധാന്യം കൊടുക്കുന്നത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിനാണ്. സി.പി.എമ്മിന്റെ സംഘടനാ കരുത്താണ് ഇടതുപക്ഷത്തിന്റെ ശക്തി. 21 വയസ്സുകാരിയെ മേയറാക്കിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. യുവത്വത്തിന് വലിയ പരിഗണന കൊടുക്കുന്ന പട്ടികയാണ് സി.പി.എം പുറത്തിറക്കാന്‍ പോകുന്നത്. താരങ്ങളുടെ കാര്യത്തിലും അപ്രതീക്ഷിത നീക്കം നടത്തി ഞെട്ടിക്കാനാണ് ചുവപ്പിന്റെ തീരുമാനം. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഇടതിന്റെ പ്രചരണായുധം. പ്രതിപക്ഷമാകട്ടെ, സര്‍ക്കാറിനെതിരായ വിവാദങ്ങള്‍ ആയുധമാക്കിയാണ് മുന്നോട്ടു പോകുന്നത്.
യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പോരാട്ടം തന്നെയാണ്. ഇത്തവണ ഭരണം കിട്ടിയില്ലെങ്കില്‍ ആ മുന്നണി തന്നെ തവിടു പൊടിയായി മാറും. ബി.ജെ.പിക്ക് മുന്നേറ്റ മുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി തന്നെ പിരിച്ചു വിടപ്പെടും. അതേസമയം, ഭരണം കിട്ടിയാലും ഇല്ലങ്കിലും സംഘടനാപരമായി സി.പി.എമ്മിന് യാതൊരു ക്ഷീണവും സംഭവിക്കുകയില്ല. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന പതിവ് ചൂണ്ടിക്കാട്ടി എളുപ്പത്തില്‍ ന്യായീകരിക്കാനും ചെമ്പടക്ക് കഴിയും. എല്ലാ കാലത്തും പ്രതിപക്ഷത്തിരിക്കുമ്പോഴാണ് സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളെല്ലാം കൂടുതല്‍ കരുത്താര്‍ജ്ജിക്കാറുള്ളത്. എന്നാല്‍, യു.ഡി.എഫിന്റെ സ്ഥിതി അതല്ല. കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും ഭരണമില്ലാതെ ഇനി അഞ്ചു വര്‍ഷം കൂടി കാത്തിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അവരുടെ ചങ്കിടിക്കുന്നതും അതു കൊണ്ടു തന്നെയാണ്.