മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫാ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനുമായ കെ.ടി. റബീഹുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച
കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കള്‍, ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ പ്രതികളെ രാത്രി മലപ്പുറത്തെത്തിച്ചു.
സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍, വീടിനുള്ളില്‍ അതിക്രമിച്ച് കയറല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മൂന്നു കാറുകളിലായി റബീഹുള്ളയുടെ ഈസ്റ്റ്‌കോഡൂരിലെ വീട്ടിലെത്തിയ സംഘം തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതു കണ്ട നാട്ടുകാര്‍ മതിലിനു പുറത്ത് നിന്നവരെ ചോദ്യംചെയ്തു. എന്നാല്‍ അവരുടെ മറുപടിയില്‍ പന്തികേട് തോന്നിയപ്പോള്‍ അടിച്ചോടിക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. അതോടെ എല്ലാവരും വാഹനങ്ങളില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരു കാര്‍ നാട്ടുകാര്‍ കാറ്റഴിച്ചിട്ടിരുന്നതിനാല്‍ അതിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പറേരങ്ങാടിയില്‍ വെച്ച് പൊലീസ് പിടികൂടി.
കെ.ടി. റബീഹുള്ളയെ കാണാനില്ലെന്നും ഒളിത്താവളത്തിലാണെന്നുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അതിനിടെയാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ താന്‍ ഈസ്റ്റുകോഡൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും അല്‍പ്പദിവസത്തിനകം വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളെല്ലാം സന്ദര്‍ശിക്കുമെന്നും അദ്ദേഹം നേരിട്ട് വീഡിയോ സന്ദേശം നല്‍കിയത്. ഈ സന്ദേശം വന്ന് അധികം വൈകാതെയാണ് ആക്രമണമുണ്ടായത്.
റബീഹുള്ളയുടെ ഭാര്യ ഷഹ്‌റാബാനുവില്‍നിന്ന് മലപ്പുറം ഡിവൈ.എസ്.പി. മൊഴിയെടുത്തു. മലപ്പുറം പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എ. പ്രേംജിത്ത്, അഡീഷണല്‍ എസ്.ഐ കുഞ്ഞിമുഹമ്മദ്, പോലീസുകാരായ ഫിലിപ്പ്, അബ്ദുള്ളബാബു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.