മന്‍സോര്‍ പീഡനകേസ് ; പെണ്‍കുട്ടിയെ കണ്ടതിന് നന്ദി ആവശ്യപ്പെട്ട് ബി ജെ പി എം എല്‍ എ

madhyapradesh

ഭോപ്പാല്‍: മന്‍സോര്‍ പീഡനകേസിലെ ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിന് നന്ദി ആവശ്യപ്പെട്ട് ബി ജെ പി എം എല്‍ എ സുദര്‍ശന്‍ ഗുപ്ത. ഗുപ്തയുടെ ആവശ്യം വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ബിജെപി എംപി സുധീര്‍ ഗുപ്ത സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ രക്ഷിതാക്കള്‍ എംപിയോട് നന്ദി പറയണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി എംഎല്‍എയായ സുദര്‍ശന്‍ ഗുപ്ത രംഗത്ത് വരികയായിരുന്നു.

എംഎല്‍എ ഈ ആവശ്യം ഉന്നയിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

‘എംപിയോട് നന്ദി അറിയിക്കൂ. അദ്ദേഹം നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ് ഇവിടെ വരെ വന്നത്’, വീഡിയോയില്‍ എംഎല്‍എ ആവശ്യപ്പെടുന്നത് കേള്‍ക്കാം. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടിയും പ്രതിനിധികളും പ്രതിരോധത്തിലാണ്.

സംഭവത്തെ തുടര്‍ന്ന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച എംപി തന്റെ സന്ദര്‍ശനത്തിന് വീട്ടുകാര്‍ നന്ദി പറയണമെന്ന ആവശ്യം ഉന്നയിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികളെ മരണം വരെ തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ ഭൂമിക്കു തന്നെ ഭാരമാണ് അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അവകാശമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് അക്രമികള്‍ കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അതിക്രൂരമായി കുട്ടിയെ ലൈംഗികമായി അക്രമിക്കുകയും കൊല്ലാനായി കഴുത്ത് കത്തി കൊണ്ട് മുറിക്കുകയുമായിരുന്നു. കേസില്‍ പ്രതികളായ ആസിഫ്(24) ഇര്‍ഫാന്‍(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Top