അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി. ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാർ ദേബ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള നിയമസഭയിൽ ബിപ്ലവ് കുമാറിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു.
43 വോട്ടുകളാണ് അദ്ദേഹം നേടിയത്. സിപിഎം സ്ഥാനാർത്ഥി മുൻ ധന വകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. അദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു.
60 അംഗ നിയമസഭയിൽ ബിജെപിക്ക് 36 സീറ്റുകളാണുള്ളത്. ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഏഴ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് സഭയിൽ 15 അംഗങ്ങളുണ്ട്. കോൺഗ്രസിന് ഒരംഗം മാത്രമേ ഉള്ളു. കോൺഗ്രസ് അംഗം വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട്.