തിരുവനന്തപുരം: എന്തുകൊണ്ടാണ് ഡി ജി പി ലോക്‌നാഥ് ബഹ്‌റ നടി ആക്രമിക്കപ്പെട്ട വിവരം റെയ്ഞ്ച് ഐജിയേയും സിറ്റി പൊലീസ് കമ്മീഷണറെയും അറിയിക്കാതെയിരുന്നതെന്ന് ബിജെപി നേതാവ് എം എസ് കുമാര്‍.
സംഭവ ദിവസം മൂന്ന് മണിക്കൂര്‍ പൊലീസ് നിശബ്ദരായിരുന്നു.പ്രതി പള്‍സര്‍ സുനില്‍ ബസിലും ട്രെയിനിലുമല്ല കാറിലാണ് സഞ്ചരിക്കുന്നത്. എന്ത് കൊണ്ട് പിടിച്ചില്ല എന്ന് ഡി ജി പി വ്യക്തമാക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
ഉന്നതരാണ് സുനിലിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയിരിക്കുന്നത്.നടി പീഡിപ്പിക്കപ്പെട്ട് നാല് ദിവസത്തിനു ശേഷമാണ് ഫോറന്‍സിക് പരിശോധന വാഹനങ്ങളില്‍ നടന്നത്.ഇതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് പൊലീസ് മേധാവിക്കെതിരെ ആരോപണമുന്നയിച്ച് മറ്റൊരു സംസ്ഥാന നേതാവും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് സജീവമാക്കി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് ബി ജെ പി തീരുമാനം.ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ദേശീയ സമിതി അംഗം വി.മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.