തിരുവനന്തപുരം: രാമരാജ്യ സങ്കല്പം ആദ്യമായി മുന്നോട്ട് വച്ചത് ഗാന്ധിജിയാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണമാണ്. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് രണ്ട് ജില്ലകളില്‍ സ്വാധീനമുള്ള ലീഗാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തിന്റെ പരിച്ഛേദം പങ്കെടുക്കും. കേരളത്തിന്റെ യഥാര്‍ത്ഥ മനസ്സ് സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഒപ്പമല്ല. ഗാന്ധിയന്‍ സങ്കല്പങ്ങളെ കോണ്‍ഗ്രസ് കൊന്നു കുഴിച്ച് മൂടി. അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കണം എന്ന് എന്‍എസ്എസും എസ്എന്‍ഡിപിയും പറഞ്ഞു. ഇതൊന്നും കോണ്‍ഗ്രസ് കാണുന്നില്ല.
ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സമവായത്തിലൂടെയാണ് വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു. മതവിദ്വേഷം കുത്തിയിളക്കി തമ്മില്‍ തല്ലിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കണം എന്നാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യം. ഭീകര സംഘടനകളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇടത് സംഘടനകളും ചടങ്ങ് ബഹിഷ്‌കരിച്ചത്. മുസ്ലിം ലീഗിന്റെ നിലപാട് കേരളീയ സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കും. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നു എങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭയമായി എംടി തന്റെ അഭിപ്രായം അവതരിപ്പിച്ചു. തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. എംടിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് ഏറ്റ അടി. മോദിയെ വിമര്‍ശിച്ചതാണ് എന്ന് ഇ പി ജയരാജന്‍ പറയുന്നു. ഇഎംഎസിനെ മാതൃകയാക്കാന്‍ മോദിയോട് എംടി ആവശ്യപ്പെടുമോ എന്നും കൃഷ്ണദാസ് ചോദിച്ചു.