തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ണ് എന്‍ഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോണ്‍ഗ്രസും ദുര്‍ബലമാകുന്നു. അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.എന്‍ഡിഎ സംസ്ഥാന നേതൃ യോഗം ചേര്‍ന്നു. എല്ലാ പാര്‍ട്ടികളുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. വിവിധ ഘടകകക്ഷികള്‍ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. എന്‍ഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികരത്തിലേറും.
എല്‍ഡിഎഫും യുഡിഎഫും അശ്ലീല മുന്നണികളായി അധപതിച്ചു. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത് എകെജി സെന്ററില്‍. ലീഗ് പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാര്‍ത്ഥികളെ വെച്ച് മാറിയത് അതിനാലാണ്. വര്‍ഗീയ വാദികള്‍ക്ക് മുന്നില്‍ സിപിഐഎം അടിയറവ് പറഞ്ഞു. ലീഗും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാര മറനീക്കി പുറത്തുവന്നു. ലീഗ് സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്യും.മതപ്രീണനമാണ് എല്‍ഡിഎഫിന്റെ നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു. എല്‍ഡിഎഫിനെ സഹായിക്കുന്ന ലീഗിനെ യുഡിഎഫ് നിലനിര്‍ത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.