ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം സംസ്‌കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം അവസാനിച്ചത്. തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു ആദ്യ പൊതു ദര്‍ശനം.
വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം ചിതയിലേക്ക്. സഹോദരന്‍ അഭിജിത്ത് ശ്രീനിവാസന്‍ ചിതയ്ക്ക് തീ കൊളുത്തി.
അതേസമയം, ബിജെപി ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകക്ഷി സമാധാനയോഗം നാളേക്ക് മാറ്റി. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന്റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. നാളത്തെ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.