ചെന്നൈ:തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എച്ച്. രാജ രംഗത്ത്.
ആരാണീ ലെനിന്‍ ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം ? ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതികള്‍ തകര്‍ക്കും- രാജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.
പെരിയാറിന്റെ പ്രതിമയില്‍ തൊടാന്‍ ആരും ധൈര്യപ്പെടില്ലെന്നും കലാപമുണ്ടാക്കാനാണ് ബിജെപി നേതാവിന്‍ന്റെ ശ്രമമെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ പറഞ്ഞു. പെരിയാറിന്റെ പ്രതിമകള്‍ക്ക് മേല്‍ കൈവയ്ക്കുന്ന ആരുടെയും കൈകള്‍ വെട്ടുമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും പറഞ്ഞു.