കണ്ണൂര്‍: കണ്ണൂരില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എംടി രമേശിന്റെ പ്രസംഗം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ബിജെപി പൊതുയോഗത്തിലായിരുന്നു പ്രകോപനപരമായ പ്രസംഗം.
പാടത്ത് പണി എടുക്കുന്നവരാണ് തങ്ങളെന്നും അതു നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് പറഞ്ഞു.
പണി പാടത്താണ് എടുക്കുക. അല്ലാതെ കരയില്‍ അല്ല. കരയില്‍ പോയി പണിയെടുക്കാന്‍ പറയാന്‍ പറ്റില്ല. പാടത്ത് പണി നിര്‍ത്തില്ല. പക്ഷേ എന്നു കരുതി പാടത്ത് പണിയെടുത്ത് യജമാനന്റെ കയ്യില്‍ നിന്ന് കൂലി വാങ്ങില്ല. പാടത്ത് നൂറുമേനി വിളവ് കൊയ്യുകയാണ് ലക്ഷ്യമെന്നും എം.ടി രമേശ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈ 11നു രാത്രിയാണ് സിപിഐഎം പ്രവര്‍ത്തകനായ ധനരാജിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഒരു ബിഎംഎസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍എസ്എസ് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതായി സിപിഐഎം പൊതുയോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
സംഘര്‍ഷവും കൊലപാതകവും നടത്തുന്നവരെ ജനങ്ങള്‍ സംഘടിതമായി നേരിടണമെന്നും ഇത്തരക്കാരെ ജനങ്ങള്‍ നേരിട്ട ചരിത്രം തലശ്ശേരിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എങ്കില്‍ മാത്രമേ ഇത്തരക്കാര്‍ അക്രമത്തില്‍ നിന്ന് പിന്‍മാറൂ. പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കിട്ടുമെന്ന് അക്രമം നടത്താന്‍ വരുന്നവര്‍ ഓര്‍ക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.