BJP Leader Vijay Goel To Violate Odd-Even Scheme As Mark Of Protest

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തോത് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം പ്രശസ്തിക്കുവേണ്ടിയുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നാടകമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വിജയ് ഗോയല്‍.

ഇതിനെതിരെ നിയന്ത്രണം പ്രാബല്യത്തിലുള്ള തിങ്കളാഴ്ച നിയമം ലംഘിച്ച് പ്രതിഷേധിക്കുമെന്നും ഡല്‍ഹിയിലെ മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ വിജയ് ഗോയല്‍ വ്യക്തമാക്കി.

എന്നാല്‍, ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിക്കുന്ന പക്ഷം ഏതൊരു പൗരനേയും പോലെ ബിജെപി നേതാവും തക്കശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായിയും വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന പക്ഷം സാധാരണ പോലെ നിയമപാലനത്തിന് നിയോഗിച്ചിരിക്കുന്ന സിവില്‍ ഡിവിഷനല്‍ പഴ്‌സണല്‍ എന്നറിയപ്പെടുന്ന ഡിഫന്‍സ് വൊളന്റിയേഴ്‌സ് ബിജെപി നേതാവിന് റോസാപ്പൂക്കള്‍ നല്‍കി നിയമത്തെക്കുറിച്ച് ഓര്‍മിപ്പിക്കുമെന്നും വീണ്ടും നിയമം ലംഘിക്കുന്ന പക്ഷം 2,000 രൂപ പിഴയൊടുക്കേണ്ടി വരുമെന്നും ഗോപാല്‍ റായ് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

ബിജെപിക്കുള്ളില്‍ തന്നെ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നുള്ള ഗോയലിന്റെ നിരാശയില്‍ നിന്നുണ്ടാകുന്നതാണ് ഇത്തരം അപക്വമായ പ്രസ്താവനകളെന്നും ഗോപാല്‍ റായ് ആരോപിച്ചു.

കേജ്രിവാളിന്റെ ചിത്രത്തിന് പ്രചാരം ലഭിക്കാന്‍ നികുതിദായകരുടെ പണം അനാവശ്യമായി ചെലവഴിക്കുകയാണ് ഡല്‍ഹി സര്‍ക്കാരെന്നായിരുന്നു വിജയ് ഗോയലിന്റെ ആരോപണം.

ഈ പദ്ധതിയില്‍ കേജ്രിവാളിന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ കോടികള്‍ മുടക്കി പ്രചാരം നല്‍കിയിട്ടും പദ്ധതി സ്ഥിരമാക്കാത്തതെന്താണെന്നും ഗോയല്‍ ചോദിച്ചു. ‘കൂടുതല്‍ പ്രചാരം, കുറച്ച് ഫലം’ എന്നതാണ് ഈ പദ്ധതികൊണ്ടുള്ള നേട്ടമെന്നും ഗോയല്‍ അഭിപ്രായപ്പെട്ടിരുന്നു.

നിയമം ഇങ്ങനെ: ഒറ്റ അക്ക റജിസ്‌ട്രേഷന്‍ നമ്പരുള്ള വാഹനങ്ങള്‍ ഒറ്റ അക്ക ദിവസങ്ങളിലും, ഇരട്ട അക്ക നമ്പരുള്ളവ ഇരട്ട അക്ക ദിവസങ്ങളിലും മാത്രം നിരത്തിലിറക്കുക. റജിസ്‌ട്രേഷന്‍ നമ്പരിന്റെ അവസാന അക്കമാണ് കണക്കാക്കുന്നത്.

Top