തിരുവനന്തപുരം : കോര്‍പ്പറേഷന്‍ സംഘര്‍ഷത്തില്‍ പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ ഡി.ജി.പിയെ കണ്ടു.
കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമക്കേസ് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം മേയര്‍ക്കും സി.പി.എം കൗണ്‍സിലര്‍മാര്‍ക്കുമെതിരെയും ഇതേ വകുപ്പ് ചുമത്തണമെന്നും ഡി.ജി.പിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്യാനെത്തിയ മ്യൂസിയം പൊലീസിനെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
ഡി.ജി.പിയെ നേതാക്കള്‍ കണ്ടശേഷം അറസ്റ്റ് മതിയെന്നായിരുന്നു നിലപാട്. ഇവര്‍ ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ പൊലീസ് ഇപ്പോഴും തുടരുകയാണ്.
ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു മേയര്‍ക്ക് പരുക്കേറ്റത്.
വധശ്രമമടക്കം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കും കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നത്.
പരുക്കേറ്റ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ പത്ത് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വി.കെ.പ്രശാന്തിനുനേരെ നടന്നത് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.