നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം.
കൊലപാതകത്തില്‍ പ്രതിഷേധിച്ചു നോയിഡ സെക്ടര്‍ 71-ല്‍ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, കേസ് അന്വേഷണത്തിനായി പ്രത്യേക കര്‍മസേനയെ രൂപീകരിച്ചിട്ടുണ്ടെന്നു നോയിഡ എസ്പി അരുണ്‍ കുമാര്‍ സിങ് അറിയിച്ചു.
ചിലയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പു സമയത്തുണ്ടായ ദേഷ്യമാകാം യാദവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.
മുന്‍ ഗ്രാമമുഖ്യനും ബിജെപി നേതാവുമായ ശിവകുമാര്‍ യാദവും ഡ്രൈവറുമാണ് വ്യാഴാഴ്ച വൈകുന്നേരം വെടിയേറ്റ് മരിച്ചത്.
ഗ്രേറ്റര്‍ നോയ്ഡയിലെ ബിര്‍സാഖില്‍ കാറില്‍ സഞ്ചരിക്കവെയാണ് ബിജെപി നേതാവിനും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റത്.
വെടിവെപ്പില്‍ ശിവ്കുമാര്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും അധികം താമസിയാതെ മരണത്തിന് കീഴടങ്ങി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറില്‍ സഞ്ചരിക്കവെ അക്രമികള്‍ ബൈക്കിലെത്തിയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടു.
അക്രമികള്‍ കാറിന് നേരെ അരമണിക്കൂറോളം നേരം വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിബത്പൂറില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു ശിവ്കുമാര്‍.