ആഗ്ര: കൂടുതല്‍ ഹിന്ദു വോട്ടുകള്‍ക്കായി ഉത്തര്‍പ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങള്‍, സന്യാസ ആശ്രമങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുക്കാന്‍ ഒരുങ്ങി ബിജെപി.
ബൂത്ത് തലം മുതല്‍ കണക്കെടുപ്പ് നടത്താനാണ് യുപിയില്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പിന്നോക്ക വിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇത്തരത്തില്‍ സമാഹരിക്കുവാനാണ് ബിജെപിയുടെ നീക്കം. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഇത്തരം നടപടികള്‍.
വിവര ശേഖരണത്തിനുള്ള ഫോറങ്ങള്‍ ഉത്തര്‍പ്രദേശിലെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റുമാര്‍ക്ക് സംസ്ഥാന നേതൃത്വം അയച്ചു കഴിഞ്ഞു. ഇതില്‍ മതസ്ഥാപനം ഏത്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ മുഖ്യ പുരോഹിതന്‍ അല്ലെങ്കില്‍ മഠാധിപതിയുടെ പേര്, അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ഭാഗങ്ങളുണ്ട്. മഠാധിപതികള്‍ അല്ലെങ്കില്‍ പുരോഹിതര്‍ എന്നിവരിലൂടെ ഭക്തരിലേക്ക് എളുപ്പത്തില്‍ എത്തുവാനാണ് ബിജെപി തീരുമാനിച്ചിരിരക്കുന്നത്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം എല്ലാ ബൂത്തുകമ്മിറ്റികളിലും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും ബിജെപി നല്‍കിയിട്ടുണ്ട്.