കോഴിക്കോട്: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റില്‍ പത്തനംതിട്ടയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോയെന്നറിയില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് അറിവൊന്നുമില്ലെന്നും രമേശ് പറഞ്ഞു.
അതേസമയം, പത്തനംതിട്ട സീറ്റ് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുള്ളത് കുപ്രചരണം മാത്രമാണ്.സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവര്‍ കൂടിയാലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക, കുമ്മനം വ്യക്തമാക്കിയിരുന്നു.