BJP -Mani coalition

ന്യൂഡല്‍ഹി: കെ.എം മാണിയുമായി ബി.ജെ.പി കേന്ദ്ര നേതൃത്വമുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കെ.എം മാണിക്കെതിരെ പാലായില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി തോമസിനെയും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും ബി.ജെ.പി പിന്‍മാറി. ഇതോടെ മത്സരിക്കുന്നില്ലെന്ന തീരുമാനവുമായി പി.സി തോമസും കണ്ണന്താനവും രംഗത്തെത്തി.

ഒരു രാജ്യസഭാ അംഗവും ലോക്‌സഭാ അംഗവുമുള്ള മാണി വിഭാഗത്തിനെ തിരഞ്ഞെടുപ്പിനു ശേഷം ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ മാണിയുമായി ചേര്‍ന്ന് എന്‍.ഡി.എയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.

പാലായില്‍ മാണിയെ തറപറ്റിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തോമസിന്റെ കടന്നുവരവ്. പാലായിലെ ബി.ജെ.പി പ്രവര്‍ത്തകരും മാണിവിരുദ്ധരും ഇതിനെ സ്വാഗതം ചെയ്‌തെങ്കിലും തോമസിന്റെ വരവില്‍ ആശങ്കപ്പെട്ട മാണി ചില സഭാനേതാക്കളെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും രംഗത്തിറക്കി അദ്ദേഹത്തെ പിന്മാറ്റുകയായിരുന്നെന്നാണ് ആരോപണം.

കേരളത്തില്‍ എന്‍.ഡി.എ മുന്നണിയുടെ ആദ്യ ലോക്‌സഭാ എം.പിയായിരുന്നു പി.സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ മാണിയുടെ മകന്‍ ജോസ് കെ. മാണിയെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് പി.സി തോമസ് വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര സഹമന്ത്രിയുമായി.

രാഷ്ട്രീയ എതിര്‍പ്പുകള്‍ കാര്യമായി ഇല്ലാതിരുന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5,299 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മാത്രമാണ് മാണി ജയിച്ചത്.

പൂഞ്ഞാര്‍ സീറ്റിനെച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പി.സി. തോമസ് മാണിയുടെ തട്ടകത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നായിരുന്നു ബി.ജെ.പി വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നേടിയ മുന്നേറ്റവും മാണിഗ്രൂപ്പ് വിട്ട് ഐ.എഫ്.ഡി.പിയെന്ന ദേശീയ പാര്‍ട്ടിയുണ്ടാക്കി വാജ്‌പേയി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായ ചരിത്രവും തോമസിനു പിന്‍ബലമേകുമെന്നും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു.

അതിനിടെ, പാലായില്‍നിന്നുള്ള പിന്മാറ്റം വ്യക്തിപരമായതിനാല്‍ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്ന് പി.സി. തോമസ് പറഞ്ഞു. വ്യക്തിപരമായ അസൗകര്യം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസിനു പകരക്കാരനായി റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയകിന്റെ പേര് നിര്‍ദേശിച്ചെങ്കിലും ബി.ജെ.പി പ്രാദേശിക നേതൃത്വം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പി പാലാ സീറ്റ് ഏറ്റെടുത്ത് പകരം കടുത്തുരുത്തി നല്‍കാനും നീക്കമുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്തിനു പകരക്കാരനായി രാഹുല്‍ ഈശ്വറിനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

Top