ഗാന്ധിനഗര്‍:അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഘടകം അയച്ച റിപ്പോര്‍ട്ടിലാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് പറയുന്നത്.
ആകെയുള്ള 182 സീറ്റില്‍ 97ലും ബിജെപിക്ക് വിജയിക്കാനാകുമെന്നും ഭാഗ്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രത്യേക സംഘത്തെക്കൊണ്ട് നടത്തിയ പഠനത്തിലാണ് ഗുജറാത്തില്‍ ഇത്തവണയും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്.
52 സീറ്റില്‍ ബി.ജെ.പി ജയിക്കുമെന്നത് 100 ശതമാനം ഉറപ്പാണെന്നും 45 സീറ്റുകളില്‍ അത് 85 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 97 സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും നേരിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാകും. ബിജെപിക്ക് 52 സീറ്റില്‍ വിജയം ഉറപ്പാണെങ്കില്‍ കോണ്‍ഗ്രസിന് വെറും എട്ട് സീറ്റുകളില്‍ മാത്രമാണ് ആത്മവിശ്വാസമുള്ളത്.
നഗരങ്ങളില്‍ ബി.ജെ.പിക്ക് വ്യക്തമായ ആധിപത്യമാണുള്ളത്. ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ പോലും ശക്തമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പരിശ്രമിക്കേണ്ടി വരും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.