ദളിത് ഭവനത്തില്‍ ഭക്ഷണം കഴിച്ച് യു.പി ബി.ജെ.പി മന്ത്രി: ഭക്ഷണം എത്തിച്ചത് ഹോട്ടലില്‍ നിന്നാണെന്നു മാത്രം

suresh rana

ആഗ്ര: ദളിത് ഭവനത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് മാതൃകയായ ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രിക്ക് ഭക്ഷണമെത്തിച്ചത് ഹോട്ടലില്‍ നിന്നും. കഴിഞ്ഞ ദിവസം മന്ത്രി സുരേഷ് റാണ ദളിത് ഭവനത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച മന്ത്രി പുറത്തുള്ള ഭക്ഷണശാലയില്‍ നിന്നും താന്‍ ആഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ വരുത്തിക്കുകയായിരുന്നു.

മന്ത്രിയെത്തുന്ന കാര്യം താന്‍ അറിഞ്ഞില്ലെന്ന് വീട്ടുടമ രജനീഷ് കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണവും മിനറല്‍ ജലവും അവര്‍ കഴിച്ചു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നെന്നും രജനീഷ് കുമാര്‍ പറഞ്ഞു.

റാണയും ഏതാനും ബിജെപി നേതാക്കളുമാണ് രാത്രി 11 മണിയോടെ ദളിതന്റെ വീട്ടില്‍ ഭക്ഷണത്തിനെത്തിയത്. നിരവധി വിഭവങ്ങളാണ് മന്ത്രിയും പരിവാരങ്ങളും ദളിത് സ്‌നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്നു കഴിച്ചത്.

എന്നാല്‍, ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. തനിക്കൊപ്പം നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്കുള്ള ഭക്ഷണമാണ് പുറത്തുള്ള ഒരു ബേക്കറിയില്‍ നിന്നും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. ആ കുടുംബം തന്നെ പാകം ചെയ്ത ഭക്ഷണമാണ് താന്‍ അവരുടെ സ്വീകരണ മുറിയിലിരുന്നു കഴിച്ചതെന്നും തന്റെ സന്ദര്‍ശനത്തെക്കുറിച്ച് അവരെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.

Top