ബി.ജെ.പി മന്ത്രിയുടെ ഭീഷണി; സ്വവര്‍ഗ ദമ്പതികളുടെ പരസ്യം പിന്‍വലിച്ച് ഡാബര്‍

ഭോപ്പാല്‍: ബി.ജെ.പി മന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ ഡാബര്‍ കര്‍വാ ചൗത്തിന്റെ പരസ്യം പിന്‍വലിച്ചു. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരസ്യം പിന്‍വലിച്ചത്.

ഹിന്ദു ഉത്സവമായ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന സ്വവര്‍ഗ ദമ്പതികളെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. വലിയ സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ തീവ്രഹിന്ദുത്വ സംഘങ്ങള്‍ പരസ്യത്തിനെതിരെ രംഗത്തുവരികയായിരുന്നു.

മധ്യപ്രദേശ് ഡി.ജി.പിയോട് പരസ്യം പരിശോധിക്കാനും കമ്പനിയോട് പരസ്യം പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും നരോത്തം മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാല തങ്ങള്‍ പരസ്യം പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് കമ്പനി രംഗത്തുവന്നു.

‘ ഫെമ്മിന്റെ കര്‍വാ ചൗത്തിന്റെ ക്യാമ്പയിൻ എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും പിന്‍വലിച്ചു, ജനങ്ങളുടെ വികാരങ്ങളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തിയതിന് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു,” എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡാബര്‍ ഇന്ത്യ അറിയിച്ചത്.

 

Top