അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും സുര്‍മ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയുമായ ആശിഷ് ദാസ് ബിജെപി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ബി.ജെ.പി. ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി.
നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ആശിഷ്.