ലഖനൗ: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്‍ വില നിര്‍ണ്ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും ഗൊരഖ്പുര്‍ എംഎല്‍എയുമായ രാധാ മോഹന്‍ ദാസ് അഗര്‍വാള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല നടത്തുന്നത് തീവെട്ടികൊള്ളയാണെന്നും പകര്‍ച്ചവ്യാധി നിയമ പ്രകാരം അവരുടെ കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും കോവിഷീല്‍ഡ് വാക്‌സിന് വില നിര്‍ണയിച്ചതിനെതിരെയാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് മറ്റു ബിജെപി നേതാക്കള്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഡോക്ടര്‍ കൂടിയായ രാധാ മോഹന്‍ ദാസ് അഗര്‍വാളിന്റെ വിമര്‍ശനം.
പൂനവാല പരമാവധി 50 ശതമാനം ലാഭം മതിയെന്ന് വെക്കണം. 220 രൂപയേ വാക്‌സിന് ചിലവ് വരികയുള്ളൂ. പിന്നെ എങ്ങനെയാണ് പൊതുജനത്തിന് 600 രൂപയ്ക്ക് വില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.