ലക്‌നോ: ബലാത്സംഗക്കേസിലെ ഇരയുടെ പിതാവ് ജയിലില്‍ മരിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍. എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ സഹോദരന്‍ അതുല്‍ സിംഗാണ് അറസ്റ്റിലായത്. എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായിരുന്നതായി പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.
ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു പുറത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഏപ്രില്‍ 3ന് അതുലും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം മാഖി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏപ്രില്‍ 4ന് അതുലിന്റെ പേര് ഉള്‍പ്പെടുത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമെ അതുലിനെ ‘ഗുണ്ടാ പട്ടികയിലുള്ളവന്‍’ എന്ന് വിളിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്യുകയായിരുന്നു.
അതേസമയം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടു. സംഭവത്തില്‍ മാഖി എസ്എച്ച്ഒ അശോക് കുമാര്‍ സിംഗ് ഉള്‍പ്പെടെ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി അറിയിച്ചിരുന്നു.