മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു. ബിജെപി എംഎല്‍എ രാം ലല്ലു വൈശ്യയുടെ മകന്‍ വിവേകാനന്ദ് വൈശ്യയാണ് 34 കാരനായ സൂര്യ കുമാര്‍ ഖൈര്‍വാറിന് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സിങ്ഗ്രൗലി ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
സിങ്ഗ്രൗലി ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്നു വിവേകാനന്ദ് വൈശ്യ. വാഹനം ഇടുങ്ങിയ റോഡില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകളുമായി വാക്കേറ്റമുണ്ടായി. സംഘം വഴിമുടക്കി നില്‍ക്കുകയാണെന്നും വഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനിടെ കാറില്‍ നിന്ന് ഇറങ്ങിയ വൈശ്യ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഖൈര്‍വാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത് വൈശ്യയുടെ ആദ്യത്തെ നിയമലംഘനമല്ല. ഫോറസ്റ്റ് ഗാര്‍ഡുകളെ ആക്രമിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത് ജാമ്യം നേടിയിരുന്നു. എംഎല്‍എ രാം ലല്ലു വൈശ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടയിലാണ് പുതിയ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.