റഫാലില്‍ ചമ്മി രാഹുല്‍; കോണ്‍ഗ്രസിനു നേരെ പരിഹാസ ശരങ്ങളുമായി ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതേക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിട്ടും സിബിഐ അന്വേഷണം നടത്തിയില്ലെന്നുമുള്ള ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സടകുടഞ്ഞ് എണീറ്റ് ബിജെപി. മോദി സര്‍ക്കാരിനെ റഫാല്‍ കരാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇപ്പോള്‍ പുറത്തുവന്ന അഴിമതി ആരോപണത്തിന് മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(ഐഎന്‍സി) എന്നാല്‍ ‘ഐ നീഡ് കമ്മിഷന്‍’ എന്നാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കൊരു കരാറുണ്ടാക്കാമോ നടപ്പാക്കാനോ കഴിഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്നത് ഇറ്റലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി തന്നെ പറയട്ടെ. യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു, അതില്‍ ഒരു ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നുവെന്ന് സാംബിത് പത്ര വ്യക്തമാക്കി.

എന്നാല്‍, മോദി സര്‍ക്കാരും സിബിഐയും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നു നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചത്.

റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്റര്‍സ്റ്റെല്ലാര്‍ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ദസോ പണം നല്‍കിയത്. 2007 – 2012 കാലത്താണ് ഈ പണം ഇന്റര്‍സ്റ്റെല്ലാറിന് ലഭിച്ചത്. സുഷേന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കി.

എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐടി കരാറുകള്‍ക്കായാണ് പണം നല്‍കിയതെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ദസോ ഏവിയേഷന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും മീഡിയപാര്‍ട്ട് വെളിപ്പെടുത്തി. അതേസമയം 2004 – 2013 കാലത്ത് 14 മില്യണ്‍ യൂറോ ദസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സര്‍ക്കാരിന് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതാണോയെന്നും ബിജെപി പരിഹസിച്ചു.

Top