തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്മാരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ആര്‍എസ്എസ് നീക്കം. ഇക്കാര്യം പരിഗണിക്കാന്‍ ബിജെപി നേതൃത്വത്തോട് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.
ആര്‍എസ്എസിന്റെയും സംഘ്പരിവാറിന്റെയും വിവിധ പരിപാടികളില്‍ ഐഎസ്ആര്‍ഒ മുന്‍ തലവന്മാരായ ജി മാധവന്‍ നായരും കെ രാധാകൃഷ്ണനും ഇപ്പോള്‍ തന്നെ സജീവമാണ്. ഈ രണ്ട് ഉന്നതര്‍ മത്സരരംഗത്തിറങ്ങുന്നത് പൊതുസ്വീകാര്യത വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന നിഗമനത്തിലാണ് ആര്‍എസ്എസ് നേതൃത്വം.
നേരത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റയാത്രയുടെ സംഘാടകസമിതി ചെയര്‍മാനായിരുന്നു ജി മാധവന്‍ നായര്‍.
ഐഎസ്ആര്‍ഒ അധ്യക്ഷസ്ഥാനത്തുനിന്ന് 2014 ഡിസംബറില്‍ വിരമിച്ച രാധാകൃഷ്ണന്‍ ബംഗളൂരുവില്‍ കഴിഞ്ഞ ഞായറാഴ്ച ആര്‍എസ്എസ് സംഘടിപ്പിച്ച സ്വരാഞ്ജലി ചടങ്ങില്‍ മുഖ്യാതിഥിയായി തിളങ്ങിയിരുന്നു.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് രാധാകൃഷ്ണന്‍ വേദി പങ്കിട്ടത്. കാക്കി ട്രൌസര്‍ അണിഞ്ഞില്ലെങ്കിലും ഭാഗവതിനൊപ്പം വേദിയില്‍ നിന്നുകൊണ്ട് വലതുകൈ നെഞ്ചോട് ചേര്‍ത്തുവച്ചുള്ള സംഘപരിവാര്‍ സല്യൂട്ടിന് രാധാകൃഷ്ണന്‍ മടിച്ചില്ല.
മാധവന്‍നായര്‍ കഴിഞ്ഞ കുറേനാളായി സംഘപരിവാര്‍ വേദികളില്‍ സജീവമാണ്. ഇന്‍ഡോറില്‍ ജനുവരി ആദ്യം ആര്‍എസ്എസ് സംഘടിപ്പിച്ച വിശ്വസംഘ ശിബിറില്‍ മോഹന്‍ ഭാഗവതിനൊപ്പം മാധവന്‍നായരും പങ്കെടുത്തിരുന്നു. ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ചശേഷമാണ് ഇരുവര്‍ക്കും സംഘപരിവാര്‍ പ്രേമം തുടങ്ങിയത്.
യുപിഎ ഭരണകാലത്ത് നടന്ന വിവാദമായ ആന്‍ട്രിക്‌സ്- ദേവാസ് കരാറിനു പിന്നിലെ അഴിമതികളെക്കുറിച്ചുള്ള സിബിഐ അന്വേഷണമാണ് രണ്ട് ഐഎസ്ആര്‍ഒ മുന്‍മേധാവികള്‍ക്കും സംഘപരിവാറിനോട് ആഭിമുഖ്യം തോന്നാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
മാധവന്‍നായര്‍ ഐഎസ്ആര്‍ഒ തലവനായിരിക്കെയാണ് വിവാദമായ ആന്‍ട്രിക്‌സ്- ദേവാസ് കരാര്‍ നിലവില്‍ വന്നത്. കരാറിനു പിന്നിലെ കള്ളക്കളികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സര്‍ക്കാരിന് കരാര്‍ റദ്ദാക്കേണ്ടിവന്നു. കരാര്‍ റദ്ദാക്കുന്ന ഘട്ടത്തില്‍ രാധാകൃഷ്ണനായിരുന്നു ഐഎസ്ആര്‍ഒ തലവന്‍. യുപിഎ സര്‍ക്കാര്‍ മാധവന്‍നായരെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അന്വേഷണമാണ് രാധാകൃഷ്ണനും മാധവന്‍നായര്‍ക്കും ഭീഷണിയായി മാറിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആന്‍ട്രിക്‌സ് കരാറുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെ സിബിഐ ചോദ്യംചെയ്തിരുന്നു. മാധവന്‍നായരെയും വൈകാതെ ചോദ്യംചെയ്യുമെന്ന് സൂചനയുമുണ്ട്.