ന്യൂഡല്‍ഹി:എംപിമാര്‍ക്കായി പഠനക്ലാസ് ഒരുക്കി ബിജെപി. ബിജെപിയുടെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളെയും ഉള്‍പ്പെടുത്തി അടുത്തമാസം മൂന്ന്, നാല് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ക്ലാസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയായ ‘അഭ്യാസ് വര്‍ഗ’യില്‍ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാര്‍ക്കും ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളില്‍ രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നുള്ള സന്ദേശം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസ് എല്ലാ എംപിമാര്‍ക്കും അയച്ചു.
‘ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയും ഓഗസ്റ്റ് നാല് ഞായറാഴ്ചയും എല്ലാ ബി ജെ പി എംപിമാരും രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണം. ന്യൂഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ‘അഭ്യാസ് വര്‍ഗ’ ഉണ്ടായിരിക്കുന്നതാണ്’ – ബി ജെ പി എംപിമാര്‍ക്ക് ഞായറാഴ്ച അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.