കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി

ലക്‌നൗ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും ആവശ്യമെങ്കില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സാക്ഷി മഹാരാജ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും. അതിനൊന്നും അധികം സമയം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മോദി കാണിച്ച വലിയ മനസിന് നന്ദി പറയുന്നു. എല്ലാ നിയമത്തിനും മുകളില്‍ അദ്ദേഹം രാജ്യത്തെ കണ്ടു. പാകിസ്ഥാന്‍ സിന്ദാബാദ്, ഖാലിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തിയവരുടെ ഉദ്ദേശം നടപ്പിലായില്ല. അവര്‍ക്ക് കനത്ത മറുപടി നല്‍കിയെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

അതേസമയം, യുപി നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് എന്ന വാദത്തെ സാക്ഷി മഹാരാജ് തള്ളി. ബി.ജെ.പി യുപി തിരഞ്ഞെടുപ്പില്‍ 300ല്‍ അധികം സീറ്റ് നേടും, മോദിക്കും യോദി ആദിത്യനാഥിനും പകരമായി രാജ്യത്ത് ആരും തന്നെയില്ല’ അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ നിയമം വീണ്ടും കൊണ്ടുവരും എന്ന് സൂചിപ്പിച്ചിരുന്നു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

Top