ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍.കെ പ്രേമചന്ദ്രന്‍ എംപി. ഇത്തരത്തിലുള്ള ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ മറുപടി നല്‍കി.
ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്‍ ആണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂര്‍ണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അവര്‍ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവര്‍ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാര്‍ഥതയില്ലായ്മ തെളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.