യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി

ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതാവസ്ഥയിലും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നം ഉന്നയിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. രക്ഷാദൗത്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ സമയത്ത് ശരിയായ തീരുമാനമെടുത്തില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. എല്ലാ ദുരന്തങ്ങളും സര്‍ക്കാര്‍ അവസരമാക്കി മാറ്റരുതെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിദ്യാര്‍ത്ഥികളുടെ വിഡിയോ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാര്‍ ശരിയായ സമയത്ത് പ്രവര്‍ത്തിക്കാത്തതിനാലാണ് ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നതെന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്. ശരിയായ പദ്ധതി തയ്യാറാക്കി എല്ലാ വിദ്യാര്‍ത്ഥികളേയും നാട്ടിലെത്തിക്കുക എന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള ഔദാര്യമല്ലെന്നും മറിച്ച് കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Top