നിയന്ത്രണം ലംഘിച്ച് ഒറ്റയക്ക നമ്പര്‍ വാഹനവുമായി നിരത്തിലിറങ്ങി; ബിജെപി എം.പി.ക്ക് 4,000 രൂപ പിഴ

ഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒറ്റ-ഇരട്ടയക്ക നമ്പര്‍ വാഹന നിയന്ത്രണം ലംഘിച്ച ബി.ജെ.പി. എം.പി. വിജയ് ഗോയലിന് പിഴ.

തിങ്കളാഴ്ച ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പരുള്ള കാറുമായി നിരത്തിലിറങ്ങിയ ഗോയലിന് ട്രാഫിക് പോലീസാണ് 4,000 രൂപ പിഴയിട്ടത്.

അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടപ്പാക്കിയ പദ്ധതിയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് നിയന്ത്രണം ലംഘിച്ചതെന്ന് ഗോയല്‍ പറഞ്ഞു.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണിതെന്നും ഗോയല്‍ ആരോപിച്ചു.

ബി.ജെ.പി. നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. വായുമലിനീകരണം കുറയ്ക്കാനുള്ള പരിഹാരനടപടി നര്‍ദേശിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെങ്കില്‍ വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും സിസോദിയ പറഞ്ഞു.

Top