ആര്‍.എസ്.എസ് ആയാലും ബി.ജെ.പിയായാലും ചില മുസ്ലീം ലീഗ് നേതാക്കളെ സംബന്ധിച്ച് ഇപ്പോള്‍ എതിര്‍ക്കപ്പെടേണ്ട സംഘടനകളല്ല. ബേപ്പൂരിലും വടകരയിലും മുന്‍പ് പയറ്റിയ കോ-ലീ-ബി സഖ്യത്തിന്റെ അടിസ്ഥാനം തന്നെ ഈ യോജിപ്പായിരുന്നു. പഴയ ആ സ്‌നേഹം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചില ലീഗ് നേതാക്കള്‍ക്ക് ഇപ്പോഴും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
മോദി സ്തുതിയോടെ വെട്ടിലായ ശശി തരൂരിന് വേണ്ടി എം.കെ മുനീര്‍ രംഗത്ത് വന്നത് യാദൃശ്ചികമായി മാത്രം കാണാന്‍ സാധിക്കുകയില്ല. സ്വന്തം പാര്‍ട്ടി നേതാക്കളും സഹപ്രവര്‍ത്തകരായ എം.പിമാരുമുള്‍പ്പെടെ തരൂരിനെ തള്ളി പറഞ്ഞിട്ടും മുനീര്‍ ന്യായീകരിക്കുന്നത് എന്തിനു വേണ്ടിയാണ് ? ഫാസിസ്റ്റ് പക്ഷത്തേക്ക് തരൂരിനെ തള്ളിവിടരുതെന്ന് പറഞ്ഞ മുനീറാണിപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഫാസിസത്തിന് കുടപിടിക്കുന്നത്.
കോണ്‍ഗ്രസ്സ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂര്‍ ഇല്ലാത്ത കോണ്‍ഗ്രസ്സിനെയോ മതേതര കേരളത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് മുനീര്‍ പറയുന്നത്. പമ്പര വിഡ്ഢിത്തമാണിത്. മുനീറിന് തരൂരുമായി വല്ല ഇടപാടുമുണ്ടെങ്കില്‍ അതിന് ഇങ്ങനെ ന്യായീകരിച്ചല്ല രംഗത്ത് വരേണ്ടിയിരുന്നത്. തരൂരിന്റെ പ്രതിഭാ വിലാസത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മാനിക്കണമെന്ന് പറയുന്ന മുനീര്‍ അദ്ദേഹത്തിന്റെ ‘ലീലാ’ വിലാസങ്ങളും കണ്ടില്ലെന്ന് നടിക്കരുത്.
തരൂരിനെ ഒരു അവസരവാദിയായ രാഷ്ട്രീയക്കാരനായി മാത്രമേ കാണാന്‍ പറ്റുകയുള്ളൂ. സുനന്ദ പുഷ്‌ക്കര്‍ മരണപ്പെട്ടതിനു ശേഷം ശശി തരൂര്‍ മോദിയോട് സ്വീകരിച്ചിരുന്നതും സൗഹാര്‍ദ്ദപരമായ നിലപാടായിരുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിക്ക് പ്രസംഗിക്കാന്‍ തരൂര്‍ കുറിപ്പ് കൈമാറിയ സംഭവം മുനീര്‍ മറന്നാലും രാജ്യം മറക്കില്ല. ഈ സംഭവത്തില്‍ തരൂരിനെ സോണിയ ഗാന്ധിയാണ് ശാസിച്ചിരുന്നത്.
തരൂരിന്റെ മോദി പ്രേമം ഇന്നും ഇന്നലയുമല്ല തുടങ്ങിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് മോദിയെ വിമര്‍ശിക്കുമ്പോള്‍ തരൂരിനും പൊള്ളുന്നത്. ഇത് കാവിയോടുള്ള വെറുമൊരു സ്‌നേഹമല്ല, തരൂരിനെ സംബന്ധിച്ച് നിലനില്‍പ്പിന് വേണ്ടിയുള്ള പുകമറ കൂടിയാണ്.
സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണവും പാക്ക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പവും മോദിയെ പുകഴ്ത്തുന്നതുമെല്ലാം മുനീറിനെ സംബന്ധിച്ച് ഒരു വിഷയമല്ലായിരിക്കാം. പക്ഷേ ആ നിലപാട് മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് ? മുസ്ലീം ലീഗ് അണികള്‍ക്ക് പോലും ദഹിക്കാത്ത വാദങ്ങളാണിത്.
മോദി സ്തുതിയില്‍ വിശദീകരണം ആവശ്യപ്പെട്ട കെ.പി.സി.സി അദ്ധ്യക്ഷന് തരൂര്‍ നല്‍കിയ മറുപടി തന്നെ പരിഹാസത്തോടെയുള്ളതാണ്. മോദി നല്ല കാര്യം ചെയ്താല്‍ ഇനിയും അങ്ങനെ തന്നെ പറയുമെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്. മോദിയെ താന്‍ വിമര്‍ശിച്ച പോലെ മറ്റാരും വിമര്‍ശിച്ചിട്ടില്ലെന്നാണ് തരൂരിന്റ അവകാശവാദം. ജയിലില്‍ കിടക്കാതിരിക്കാന്‍ തരൂര്‍ കാട്ടുന്ന അഭ്യാസങ്ങളായി മാത്രമേ ഈ നിലപാടുകളെയെല്ലാം വിലയിരുത്താന്‍ കഴിയുകയുള്ളൂ.
കേസ് ഭയന്നിട്ടാണോ ചിലരുടെ മനം മാറ്റമെന്നറിയില്ലെന്ന കെ. മുരളീധരന്റെ പ്രതികരണം തരൂരിനെ സംബന്ധിച്ച് വലിയ പ്രഹരം തന്നെയാണ്. കാരണം ഈ ആരോപണത്തെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ചിദംബരത്തിന് പിന്നാലെ ശശി തരൂരിനെയും അഴിക്കുള്ളിലാക്കാനുള്ള കുരുക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നടത്തിവരുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. കുറ്റപത്രവുമായി ബന്ധപ്പെട്ട അടുത്ത വാദം ആഗസ്റ്റ് 31 ന് ഡല്‍ഹി പ്രത്യേക കോടതിയിലാണ് നടക്കുന്നത്.
ശക്തമായ വാദങ്ങളാണ് തരൂരിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. തരൂരിന്റെ പീഡനം കൊണ്ടാണ് സുനന്ദ പുഷ്‌ക്കര്‍ മരിച്ചതെന്നാണ് പ്രധാന വാദം. നേരത്തെ ഈ കേസില്‍ ഡല്‍ഹി പൊലീസ് തരൂരിനെ അറസ്റ്റ് ചെയ്യുന്ന സമീപനമല്ല സ്വീകരിച്ചിരുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പ്രതിയാക്കിയ ഉടനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് രീതി. ഈ കീഴ് വഴക്കം തരൂരിന്റെ കാര്യത്തില്‍ മാറ്റിയതില്‍ ഡല്‍ഹി പൊലീസിനെതിരെ രൂഷ വിമര്‍ശനമുയര്‍ന്നിരുന്നു. ബി.ജെ.പി കേരള നേതാക്കളിലും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍പ് വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ശശി തരൂര്‍ ഇടക്കാലത്ത് ആര്‍.എസ്.എസിന്റെയും മോദിയുടെയും കടുത്ത വിമര്‍ശകനായി മാറിയിരുന്നു. ഇതാണ് കുരുക്ക് മുറുകാനിടയാക്കിയിരുന്നത്. ബി.ജെ.പിയുമായി അടുത്ത് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കം.
മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ 2014 ജനുവരി 17ന് ഡല്‍ഹി ചാണക്യപുരിയിലെ ലീല ഹോട്ടലിലെ ആഡംബര സ്യൂട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കു ശേഷം ശശി തരൂരിനെ പ്രതിയാക്കി കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു.
ഐ.പി.സി 498 എ പ്രകാരം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരത, ഐ.പി.സി 306 പ്രകാരം ആത്മഹത്യ പ്രേരണ എന്നീ 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിന് മേലെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണിപ്പോള്‍ തരൂര്‍. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനാണ് ഡല്‍ഹി പൊലീസ് നീക്കം നടത്തുന്നത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിലാണ് സുനന്ദയുടെ ആത്മഹത്യ തരൂരിന്റെ പീഡനം കാരണമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവരുടെ ദേഹത്ത് 15 പരിക്കുകള്‍ കണ്ടെത്തിയതായും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭര്‍ത്താവായ ശശി തരൂരില്‍ നിന്നും സുനന്ദ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായും അന്വേഷണ സംഘം പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം സുനന്ദ പുഷ്‌ക്കറുമായുള്ള ദാമ്പത്യത്തില്‍ വലിയ ഉലച്ചിലുകളുണ്ടാക്കിയിരുന്നു. മല്‍പ്പിടുത്തത്തിനിടെ ഉണ്ടാകുന്ന പരിക്കുകളാണ് സുനന്ദയുടെ കൈത്തണ്ടയിലും കാലിലും കണ്ടെത്തിയിരുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നതായും ഡല്‍ഹി പൊലീസ് തെളിവുകള്‍ സഹിതം വാദിച്ചിട്ടുണ്ട്.
സുനന്ദ- തരൂര്‍ ദാമ്പത്യം വളരെ മോശമായ അവസ്ഥയിലായിരുന്നുവെന്ന സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങിന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നതാണ്. ഇക്കാര്യവും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാദത്തിനു ശേഷം ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ശശി തരൂരിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യമാണുണ്ടാകുക.
നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. ഈ ബി.ജെ.പി അധ്യക്ഷനില്‍ നിന്നും തരൂര്‍ ഒരിക്കലും വിട്ടുവീഴ്ച പ്രതീക്ഷിക്കുന്നില്ല. മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനെ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യിച്ച് അകത്താക്കിയതിലൂടെ ശശി തരൂരിന്റെയും പേടി സ്വപ്നമായി മാറിയിരിക്കുകയാണിപ്പോള്‍ അമിത് ഷാ.
ഈ സാഹചര്യത്തിലാണ് മോദി സ്തുതിയുമായി ശശി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. മോദി സ്‌നേഹം അകത്താകുമെന്ന് പേടിച്ചിട്ടാണെന്ന സംശയം ഉയരുന്നതും അതുകൊണ്ട് തന്നെയാണ്. ഇക്കാര്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറും കണ്ടില്ലെന്നു നടിക്കുന്നത്.
Staff Reporter