ജയ്പുര്‍: മിയോ മുസ്ലിംകള്‍ ക്രിമിനലുകളും, ലവ് ജിഹാദ് നടത്താന്‍ വിദഗ്ദരുമാണെന്നും ബി.ജെ.പി എം.എല്‍.എ ബന്‍വാരി ലാല്‍ സിംഘാല്‍. തന്റെ മണ്ഡലത്തിലെ തന്നെ മുസ്ലിം ജനവിഭാഗത്തിന് നേരെയാണ് സിംഘാല്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ആല്‍വാര്‍ മണ്‌ലത്തിലെ എം.എല്‍.എയാണ് ബന്‍വാരി ലാല്‍. ഈ മണ്ഡലത്തില്‍ ഏകദേശം മൂന്നര ലക്ഷത്തോളം മിയോ മുസ്ലിം വിഭാഗമാണ് ഉള്ളത്. ചൊവ്വാഴ്ച ആല്‍വാറിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബന്‍വാരി ലാലിന്റെ ആരോപണം. മിയോ മുസ്ലികളെ താന്‍ വീട്ടില്‍ കയറ്റാറില്ലെന്നും അവരോട് വോട്ട് ചോദിക്കാറില്ലെന്നും ബന്‍വാരി ലാല്‍ പറഞ്ഞു.
ആല്‍വാര്‍ നഗരത്തിലും പരിസരപ്രദേശത്തും നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് പങ്കുണ്ടെന്നും, വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുകയും പിന്നീടവരെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് അവരെന്നും എംഎല്‍എ കുറ്റപ്പെടുത്തി.