ന്യൂഡല്‍ഹി: 2014ല്‍ നേടിയതിനേക്കാള്‍ സീറ്റുകള്‍ നേടി ബിജെപി ഇത്തവണയും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
എന്‍ഡിഎ ഘടകകക്ഷികളുടെ സീറ്റ് ഇത്തവണ വര്‍ധിക്കുമെന്നും ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും മോദി പറഞ്ഞു.
ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരെ നടപടി സ്വീരകിക്കും. മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും അത്തരത്തിലുള്ളവരെ ശക്തമായി നേരിടും. തോല്‍വി തിരിച്ചറിഞ്ഞ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്നുകയാണ്, മോദി വ്യക്തമാക്കി.
വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളില്‍ പ്രതിപക്ഷം തന്നെയായിരുന്നു ആക്രമിച്ചതെന്നും എന്നാല്‍ പരാജയം ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും മോദി ആരോപണം ഉന്നയിച്ചു.