ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും; നരേന്ദ്രമോദി സംസാരിക്കും

ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാള്‍ കൂടുതല്‍ സീറ്റുനേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇന്നലെ അമിത്ഷാ അവകാശപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ പ്രചരണ പരിപാടികള്‍ ശക്തമാക്കാനാണ് ബിജെപി തീരുമാനം. വസ്തുതകള്‍ കയ്യില്‍ പിടിച്ച് ചിദംബരത്തെ പോലുള്ള നേതാക്കളെ ചര്‍ച്ചക്ക് ബിജെപി പ്രവര്‍ത്തകര്‍ വെല്ലുവിളിക്കണമെന്നും അമിത് ഷാ അറിയിച്ചിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കുമെന്നും ഇന്നലെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം, പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘അജേ ബിജെപി’ എന്ന മുദ്രാവാക്യമായിരിക്കും പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഊന്നല്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Top