കൊച്ചി: കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കണം. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
അമ്പലമുകളിലെ പൊതുപരിപാടികൾക്കു ശേഷം വൈകിട്ടു നാലരയോടെയാണ് മോദി പാർട്ടി യോഗത്തിനെത്തിയത്. പൊതുപരിപാടിയുടെ വേദിയോടു ചേർന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം.
തദ്ദേശ തിരഞ്ഞെടുപ്പിലും മറ്റും നിർണായക വോട്ടുപങ്കാളിത്തം നേടിയതു നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിലേക്കു മാറ്റാനുള്ള തീവ്രശ്രമത്തിലാണു ബിജെപി.അതിന് ഊർജം നൽകാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിനു സാധിക്കുമെന്നാണു പാർട്ടി കരുതുന്നത്.