ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍:കശ്മീരില്‍ അധികാരത്തിനായി ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി ആരോപണം. ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബി.ജെ.പിയും അപ്നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി മാറുമെന്ന് ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ മാത്രമെ അവരെ മോചിപ്പിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്’, ഒമര്‍ ആരോപിച്ചു.

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ബി.ജെ.പിയ്ക്കായി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും ജനാധിപത്യ മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 67 സീറ്റും പി.ഡി.പി 27 സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സി.പി.ഐ.എം 5 സീറ്റിലും ജയിച്ചു.

Top