കൊച്ചി : കീഴാറ്റൂര്‍ സമരം പൂര്‍ണമായും ഏറ്റെടുക്കുന്നതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍. കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വയല്‍സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വയല്‍ക്കിളികള്‍ക്കൊപ്പമാണെന്നും ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുമ്പോള്‍ വേട്ടക്കാരനായും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇരകള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പൊയ്മുഖമാണ് കീഴാറ്റൂരില്‍ അഴിഞ്ഞുവീഴുന്നത്. മഹാരാഷ്ട്രയിലേക്ക് ലോങ്മാര്‍ച്ച് നടത്തിയവരെയൊന്നും കീഴാറ്റൂരില്‍ കാണാനില്ലന്നും അദ്ദേഹം ആരോപിച്ചു.
കീഴാറ്റൂര്‍സമരം രാഷ്ട്രീയപ്രശ്‌നമല്ല. ജനങ്ങളുടെ ജീവിതപ്രശ്‌നമാണ്. എന്നാല്‍, ഇത് സി.പി.എം രാഷ്ട്രീയപ്രശ്‌നമായാണ് കൈകാര്യംചെയ്യുന്നത്. കേന്ദ്രമാണ് അലെയിന്‍മെന്റ് തീരുമാനിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വയല്‍ക്കിളികളെ വെടിവെക്കുന്ന വേട്ടക്കാരായ സി.പി.എമ്മിന് വെടിമരുന്ന് കൊടുക്കുന്ന അടിയാളനാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
കര്‍ഷകരോടോ കൃഷിക്കാരോടോ താല്‍പര്യമുണ്ടെങ്കില്‍ കൃഷിമന്ത്രി കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിക്കാന്‍ തയാറാകണം. സി.പി.എം നടത്തുന്ന കച്ചവടത്തിന്റെ പങ്ക് സി.പി.ഐയും കോണ്‍ഗ്രസും ലീഗും പറ്റുന്നുണ്ട്. പാര്‍ട്ടി അംഗങ്ങള്‍പോലുമല്ലാത്ത എ.ഐ.എസ്.എഫുകാരനെയും മറ്റും കീഴാറ്റൂരില്‍ പറഞ്ഞുവിട്ട് ഞങ്ങളും വയല്‍ക്കിളികള്‍ക്കൊപ്പമാണെന്ന് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.