ബെംഗലുരു: ബെംഗലുരു സൗത്ത് ലോക്‌സഭാ മണ്ഡലത്തില്‍ അന്തരിച്ച കേന്ദ്രമന്ത്രി അനന്ത്കുമറിന്റെ ഭാര്യക്ക് പകരം യുവമോര്‍ച്ച വൈസ് പ്രസിഡന്റിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് ബി.ജെ.പി. അനന്ത്കുമറിന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാറിനെ മാറ്റി അവസാന നിമിഷം യുവ അഭിഭാഷകന്‍ കൂടിയായ തേജസ്വി സൂര്യയുടെ പേര് ഉയര്‍ന്നുവരികയായിരുന്നു.
അനന്ത്കുമാര്‍ ആറുതവണ ജയിച്ച മണ്ഡലത്തിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. 1996 മുതല്‍ 2014 വരെ ആറ് തവണ ബെംഗലുരു സൗത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ അനന്ത്കുമാറിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനിയുടെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ സുപരിചിതയാണ് അവര്‍.
മുതിര്‍ന്ന നേതാവായ ബി.എസ് യെദ്യൂരപ്പയുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വം അവരുടെ പേര് ദേശീയ നേതൃത്വത്തോട് നിര്‍ദേശിക്കുകയും ചെയ്തു. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നിന്നും ജനവിധി തേടണമെന്ന നിര്‍ദേശവുമായി ഒരു വിഭാഗം മുന്നോട്ടുവന്നത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ തേജസ്വി സൂര്യയുടെ പേര് ഉയര്‍ന്നുവന്നത്.