ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയുള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപി യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കും.
മുഖ്യധാരയില്‍ തിളങ്ങിനില്‍ക്കുന്ന നേതാക്കള്‍ക്കു പുറമെ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധവന്‍നായര്‍, മെട്രോ മാന്‍ ഇ ശ്രീധരന്‍ എന്നിവരെ മത്സരിപ്പിക്കുന്ന കാര്യവും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
വെള്ളാപ്പള്ളി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സീറ്റുനല്‍കാന്‍ ബിജെപി നേതൃത്വത്തിന് സന്തോഷമാണെങ്കിലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നിട്ടുനിന്ന തിരുവനന്തപുരം നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത മഞ്ചേശ്വരം, കാസര്‍കോഡ്, ഉദുമ മണ്ഡലങ്ങളിലും ബിജെപി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തന്നെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന് താല്‍പര്യം.
എന്നാല്‍ വെള്ളാപ്പള്ളി നടേശനോ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കോ വേണ്ടി ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തുവാനും ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം. തുഷാര്‍ വെള്ളാപ്പള്ളിയെ ആവശ്യമെങ്കില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് തീരുമാനം.
മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശ്, സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍, വക്താവ് വിവി രാജേഷ്, ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് തുടങ്ങി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ വരെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ള പ്രമുഖര്‍.
രാജഗോപാലിനെ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനത്തേക്കോ കേന്ദ്ര മന്ത്രി സഭയിലേക്കോ പരിഗണിക്കുന്നില്ലെങ്കില്‍ മാത്രമേ മത്സരിപ്പിക്കു.
വിവി രാജേഷ് നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗമാണെങ്കിലും പൊതു സമൂഹത്തിലെ സ്വീകാര്യത മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണറിയുന്നത്.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശമായിരിക്കും ബിജെപി കേന്ദ്ര നേതൃത്വം അന്തിമമായി പരിഗണിക്കുക.
രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവും അധികം ശാഖകള്‍ ഉള്ളതും ശക്തമായ അടിത്തറയുള്ളതും കേരളത്തിലായിട്ടും ഒരു എംഎല്‍എയെ പോലും ബിജെപിക്ക് ജയിപ്പിക്കാന്‍ കഴിയാതിരുന്ന പഴയ സാഹചര്യം ഇത്തവണ ഒരു കാരണവശാലും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് ആര്‍എസ്എസ് നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉടനെ തന്നെ സിപിഎമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും അത് ബിജെപിക്ക് അനുകൂലമാവുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
വിഎസും പിണറായിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കിലും പിണറായി മാത്രം മത്സരിച്ചാലും കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
രണ്ട് മുഖ്യമന്ത്രി പദമോഹികള്‍ മത്സരിക്കുമ്പോള്‍ വിഎസിനെ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വെട്ടിനിരത്തുമെന്ന പ്രചരണം അഴിച്ചുവിട്ട് സിപിഎം അനുഭാവികള്‍ക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കും.
പിണറായി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ പ്രത്യേകിച്ച് പ്രചരണത്തിന്റെ ആവശ്യം പോലും വരില്ലെന്നാണ് കണക്കുകൂട്ടല്‍.
ഇടതുപക്ഷ വോട്ടുകളില്‍ നല്ലൊരു പങ്കുനേടാന്‍ പറ്റിയാല്‍ മാത്രമേ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റൂവെങ്കിലും ഇത്തവണ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകളും പിടിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും ഹൈന്ദവ വോട്ട് ഏകീകരണം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് തന്ത്രപരമായ നീക്കങ്ങള്‍. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് വിലപേശലില്ലാതെ തന്നെ സീറ്റുകള്‍ വീതിച്ച് നല്‍കും.
കേരള കോണ്‍ഗ്രസ്സുമായി പരസ്യ സഹകരണം കിട്ടിയില്ലെങ്കിലും രഹസ്യ സഹകരണം മധ്യകേരളത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരവും കാസര്‍കോഡും കഴിഞ്ഞാല്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന പ്രധാനജില്ല പത്തനംതിട്ടയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം ടി രമേശ് ഇവിടെ നിന്നും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ബാര്‍കോഴ കേസ് ഹൈക്കോടതി സിബിഐക്കു വിട്ടാല്‍ ഇത്തരമൊരു സഹകരണത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്.
പത്തുമുതല്‍ 25 വരെ സീറ്റാണ് ബിജെപി മുന്നണി സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനെ മറിച്ചിടാന്‍ തക്ക അംഗസംഖ്യയുണ്ടാക്കി ‘കറുത്തകുതിരയാവുക’ എന്നതാണ് ബിജെപിയുടെ ലക്ഷ്യം.