കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണത്തില്‍ മൗനം വെടിഞ്ഞ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണ്. എന്നാല്‍ ഇത് അവര്‍ക്ക് 2024ലെ തെരഞ്ഞെടുപ്പില്‍ മഹുവയ്ക്ക് അത് ഗുണം ചെയ്യുമെന്നും മമത ബാനര്‍ജി. മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ഇതാദ്യമായാണ് മമത ബാനര്‍ജി പ്രതികരിക്കുന്നത്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയര്‍ന്നതുമുതല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നില്ല. അതോടെ പാര്‍ട്ടിക്ക് അനഭിമതയാണ് മഹുവയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു.
ആരോപണത്തിനു പിന്നാലെ എത്തിക്‌സ് കമ്മിറ്റി മഹുവയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ മഹുവയെ എം.പിസ്ഥാനത്ത് നിന്ന് അയോഗ്യയാക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിയെടുക്കാനാണ് സാധ്യത. നവംബര്‍ ഒന്നിനാണ് മഹുവ ചോദ്യംചെയ്യുന്നതിനായി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്.