തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.
ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ച പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും പൊലീസിന്റെ കൈയ്യേറ്റം കാരണമാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് തന്ത്രി സമാജം അറിയിച്ചിരുന്നു. ക്ഷേത്ര ചൈതന്യത്തെ ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകരുതെന്നും ആചാരങ്ങളുടെ തീരുമാനവും നടത്തിപ്പും കോടതി മുറികളില്‍ ചോദ്യം ചെയ്യപ്പെടരുതെന്നും തന്ത്രി സമാജം ഭാരവാഹികള്‍ വ്യക്തമാക്കി.
സമവായത്തിന്റെ പാതയില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ തന്ത്രി സമൂഹം തയാറാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവണമെന്നുമാണ് തന്ത്രിസമാജം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന ബ്രാഹ്മണ സമൂഹത്തോടുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തന്ത്രി സമാജം അറിയിച്ചു.