20 ലോക്സഭാ മണ്ഡലങ്ങളില്‍ പദയാത്രയാത്രക്കൊരുങ്ങി ബിജെപി ; കെ.സുരേന്ദ്രന്‍ നയിക്കും

കൊല്ലം: 20 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്രയ്‌ക്കൊരുങ്ങി ബിജെപി. 10 കിലോമീറ്റര്‍ വീതമാണ് യാത്ര. എ ക്ലാസ് മണ്ഡലങ്ങളായി ദേശീയനേതൃത്വം തിരിഞ്ഞെടുത്ത തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടുദിവസംവീതം പദയാത്ര നടത്തും. മറ്റു മണ്ഡലങ്ങളില്‍ ഒരുദിവസമേ യാത്രയുണ്ടാകൂ. പദ യാത്രയ്ക്ക് പേരിട്ടിട്ടില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിലെ പോലെ, ദിവസവും രാവിലെ വിവിധമേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും ഉണ്ടാകും. ഉച്ചയ്ക്കുശേഷം പദയാത്ര. വൈകീട്ട് പൊതുസമ്മേളനം എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ പദയാത്രയിലും 25,000 പേരെ പങ്കെടുപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വം പറഞ്ഞിരിക്കുന്നത്. എല്ലാ പൊതുയോഗങ്ങളിലും ദേശീയ നേതാക്കള്‍ പങ്കെടുക്കും. പദയാത്ര കഴിയുന്നതോടെ ഇടതടവില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.

ഇതിനായി 140 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിസ്താരകന്മാരെ (മുഴുവന്‍സമയ പ്രവര്‍ത്തകര്‍) നിയോഗിച്ചുകൊണ്ടിരിക്കുകയാണ്. പദയാത്രയ്ക്കു മുന്‍പുതന്നെ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കണമെന്ന നിര്‍ദേശം ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ടുെവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ഥികളെ കൊണ്ടിറക്കുന്നരീതി ഗുണംചെയ്യില്ലെന്ന നിലപാടാണ്, എന്‍.ഡി.എ. ജില്ലാ യോഗങ്ങളില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ സംസ്ഥാന പ്രസിഡന്റിനൊപ്പം അവരെയും മുഴുവന്‍ സമയവും പദയാത്രയില്‍ പങ്കാളികളാക്കും.

Top