ബംഗളൂരു: ദലിത് കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കര്‍ണാടക ബിജെപി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യദ്യൂരപ്പ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍നിന്ന് ഇഡ്ഡലി വരുത്തിച്ചു കഴിച്ച സംഭവം വിവാദമായി.
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ചിത്രദുര്‍ഗയിലാണു സംഭവം. യദ്യൂരപ്പ തൊട്ടുകൂടായ്മയാണു കാണിച്ചതെന്നു ചൂണ്ടിക്കാട്ടി ദലിത് കുടുംബാഗം പൊലീസില്‍ പരാതി നല്‍കി.
ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നാണ് യദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ ഭക്ഷണം കഴിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രദുര്‍ഗ കെലഗോട്ടയിലെ ദളിത് കുടുംബാംഗമായ രുദ്രാമണിയുടെ വീട്ടിലായിരുന്നു നേതാക്കള്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. എന്നാല്‍, രുദ്രാമണിയുടെ വീട്ടിലെ ഭക്ഷണം ഒഴിവാക്കിയ നേതാക്കള്‍, ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം വരുത്തി കഴിക്കുകയായിരുന്നു.
അതേസമയം, ആരോപണം ബിജെപി നേതാക്കള്‍ നിഷേധിച്ചു. എല്ലാവര്‍ക്കും ഭക്ഷണമൊരുക്കുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് ഹോട്ടലില്‍നിന്ന് വരുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ പറഞ്ഞു.