ന്യായ് യാത്രയ്ക്കിടെ ബിജെപി പ്രതിഷേധം; ബസില്‍നിന്ന്‌ ഇറങ്ങിച്ചെന്ന് രാഹുല്‍, നാടകീയ രംഗങ്ങള്‍

ഗുവാഹാട്ടി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകൾക്കിടയിലേക്ക് രാഹുൽ ഇറങ്ങിച്ചെന്നു. ഞായറാഴ്ച വെെകീട്ട് ആയിരുന്നു സംഭവം.

യാത്രയെ അനു​ഗമിച്ചെത്തിയവർക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ഇവർ ബസ്സിനടുത്തേക്കെത്തിയത്. ഇതോടെ, ബസില്‍നിന്ന്‌ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി.

’20-25 ബി.ജെ.പി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽനിന്ന്‌ ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബി.ജെ.പിയേയും ആർ.എസ്.എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് ‌കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയക്കുന്നുമില്ല’, സംഘർഷത്തിന് ശേഷം നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സോണിത്പുരില്‍ വച്ച് തന്റെ വാഹനം ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചതായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശും നേരത്തെ അറിയിച്ചിരുന്നു. വാഹനത്തിന്റെ ചില്ലുകളിൽനിന്നും ന്യായ് യാത്രയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

Top