പണ്ടു നടന്ന കൊലക്കേസിൽ പിണറായിയെ വലിച്ചിഴച്ച് ബി.ജെ.പി, അന്വേഷിക്കണമെന്ന്

തിരുവനന്തപുരം : തലശ്ശേരിയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന രാഷ്ട്രീയ കലാപത്തില്‍ മുഖ്യമന്ത്രി പിണറായിയെ ലക്ഷ്മിട്ട് ബി.ജെ.പി.

പിണറായി നേരിട്ട് വെട്ടുന്നത് കണ്ട ദൃക്‌സാക്ഷി പുറത്തു വന്നിട്ടുണ്ടെന്ന് ജനരക്ഷായാത്രയോടനുബന്ധിച്ച് പുത്തരി കണ്ടത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബിജെപി നേതാക്കള്‍ തുറന്നടിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്‍ രാധാകൃഷ്ണനാണ് പൊതു വേദിയില്‍ വെച്ച് പിണറായിക്കെതിരെ ആഞ്ഞടിച്ചത്.

1969ല്‍ ആണ് തലശ്ശേരിയിലെ മിഠായിത്തൊഴിലാളിയായ വാടിയ്ക്കല്‍ രാമകൃഷ്ണന്‍ എന്ന സംഘപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും രംഗത്തുവന്നിട്ടുണ്ട്.

കൊലയാളി സംഘത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഗൗരവതരമെന്നും എം എം ഹസന്‍ പറഞ്ഞു.

വീണ്ടും ഈ കേസ് കുത്തിപ്പൊക്കി സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

പിണറായി അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂരില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സാധാരണ ഗതിയില്‍ ഒരു ക്രിമിനല്‍ കേസില്‍ പുനരന്വേഷണത്തിന് കാലതാമസം തടസ്റ്റമല്ലാത്തതിനാല്‍ ഈ കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി നീക്കം.

മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണമെന്നതിനാല്‍ ഇനി സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാന്‍ കഴിയാത്തതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.

യാതൊരു ബന്ധവും പിണറായി വിജയന് ഇല്ലാത്ത സംഭവത്തില്‍ മനപൂര്‍വം താറടിക്കാനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും കള്ള പ്രചാര വേലയാണ് സംഘപരിവാര്‍ നടത്തുന്നതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതികരണം.

Top