ഡല്‍ഹി: കേരളത്തിലെ സി.പി.എം. അക്രമങ്ങള്‍ക്കെതിരേ ഒക്ടോബര്‍ മൂന്നുമുതല്‍ 17 വരെ പദയാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനം.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ജാഥയില്‍ അണിചേരും. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവരും ജാഥാംഗങ്ങളാകും.
പയ്യന്നൂരില്‍ അമിത് ഷാ മൂന്നിന് പദയാത്ര ഉദ്ഘാടനം ചെയ്യും. പിലാത്തറവരെ ജാഥയില്‍ അദ്ദേഹം പങ്കെടുക്കും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും ഷായെത്തും. മമ്പറത്തുനിന്ന് പദയാത്രയില്‍ ചേരുന്ന അമിത് ഷാ പിണറായി വഴി തലശ്ശേരിവരെ ഉണ്ടാകും. തലശ്ശേരിയില്‍ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
മാത്രമല്ല 17-ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഷാ മുഖ്യാതിഥിയായിരിക്കും.
കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ സി.പി.എം. വ്യാപകമായി ആക്രമിക്കുകയാണെന്ന് ദേശീയ നിര്‍വാഹകസമിതി യോഗം കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെ യോഗം ഉദ്ഘാടനംചെയ്ത് അമിത് ഷാ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയപ്രമേയത്തിലും സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. അക്രമങ്ങളെ ഇടതുസര്‍ക്കാര്‍ പിന്തുണയ്ക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബി.ജെ.പി.യുടെ 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു -അമിത് ഷാ കുറ്റപ്പെടുത്തി.
നിര്‍വാഹകസമിതി യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപീന്ദ്ര യാദവ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും കേരളത്തിലെ സി.പി.എം. അക്രമത്തെ അപലപിച്ചു. അക്രമത്തെ സമാധാനംകൊണ്ട് നേരിടുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി.